boat

കൊല്ലം: അഷ്ടമുടി കായലിൽ മത്സരാവേശത്തിന്റെ തുഴയെറിഞ്ഞ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ നേടിയത് മൂന്നാം എഡിഷൻ സി.ബി.എൽ കിരീടവും ഒൻപതാമത് പ്രസിഡന്റ്‌സ് ട്രോഫി കിരീടവും. ഇതോടെ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ തുടർച്ചയായ മൂന്ന് സീസണിലും വിജയിച്ച് പി.ബി.സി പ്രഥമ ഹാട്രിക് നേട്ടവും സ്വന്തമാക്കി.

ഫോട്ടോ ഫിനിഷിലേക്ക് നീണ്ട മത്സരത്തിൽ നാല് മിനിട്ട് 19 സെക്കൻഡ് 96 മില്ലി സെക്കൻഡിൽ ഫിനിഷിംഗ് പോയിന്റ് കടന്നാണ് വീയപുരം ചുണ്ടൻ ചാമ്പ്യന്മാരായത്. 13 മില്ലി സെക്കൻഡിന്റെ വ്യത്യാസത്തിലാണ് പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 4.22 സെക്കൻഡിൽ ഫിനിഷ് ചെയ്ത പുന്നമട ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടനാണ് മൂന്നാം സ്ഥാനം.

സി.ബി.എൽ വിജയികൾക്കുള്ള 25ലക്ഷവും പ്രസിഡന്റ്‌സ് ട്രോഫി ജേതാക്കൾക്കുള്ള അഞ്ച് ലക്ഷവും ഉൾപ്പെടെ പി.ബി.സിക്ക് 30ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്. പ്രസിഡന്റ്‌സ് ട്രോഫിയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് മൂന്ന്, ഒന്ന് ലക്ഷം രൂപ വീതം ലഭിച്ചു.

വനിതകളുടെ മൂന്ന് വള്ളങ്ങൾ അടക്കം ഒൻപത് ചെറുവള്ളങ്ങളും മത്സരിച്ചു. ഇരുട്ടുകുത്തി ബി വിഭാഗത്തിൽ ഡാനിയലും എ വിഭാഗത്തിൽ മൂന്നുതൈക്കനും കരുത്ത് തെളിയിച്ചപ്പോൾ തെക്കനോടി വനിതകളുടെ മത്സരത്തിൽ ദേവസ് ജേതാക്കളായി.

ഇന്നലെ ഉച്ചയ്ക്ക് 2ന് കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് നടന്ന ചടങ്ങ് എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. മേയർ പ്രസന്ന ഏണസ്റ്റ് പതാക ഉയർത്തി. എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനായി. എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ബാലകൃഷ്ണൻ മണികണ്ഠൻ മുഖ്യാതിഥിയായി.

സി.ബി.എൽ കിരീടം
12 മത്സരങ്ങളിൽ നിന്ന് 116 പോയിന്റുകൾ നേടിയ വീയപുരം ചുണ്ടൻ സി.ബി.എൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. 109 പോയിന്റുമായി യു.ബി.സി കൈനകരിയുടെ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനത്തെത്തി. 89 പോയിന്റുമായി മഹാദേവികാടാണ് മൂന്നാം സ്ഥാനത്ത്.