anupriya-

കൊല്ലം: മുനിസിപ്പൽ ചെയർമാനും കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിൽ വൈസ് പ്രസിഡന്റുമായിരുന്ന കെ.തങ്കപ്പന്റെ നാമധേയത്തിൽ കെ.തങ്കപ്പൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സംസ്ഥാന കായിക പുരസ്കാരത്തിന് 2023 ലെ സംസ്ഥാനത്തെ മികച്ച അത്‌ലറ്റായി കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുത്ത വി.എസ്.അനുപ്രിയയും മികച്ച ഫുട്ബാളറായി കേരള ഫുട്ബാൾ അസോസിയേഷൻ തിരഞ്ഞെടുത്ത ജി.സഞ്ജുവും അർഹരായി.

ഉദിനൂർ ഗവ.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് കാസർകോട്, തൃക്കരിപ്പൂർ, എ.വി.ടി ഹൗസിൽ വി.എസ്.അനുപ്രിയ. അടുത്തിടെ ഉസ്ബെക്കിസ്‌താനിൽ നടന്ന ഏഷ്യൻ അണ്ടർ 18 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഷോട്ട് പുട്ടിൽ വെങ്കല മെഡലും ട്രിൻബാഗോയിൽ നടന്ന കോമൺ വെൽത്ത് യൂത്ത് ഗെയിംസിൽ ഷോട്ട് പുട്ടിൽ വെള്ളി മെഡലും കോയമ്പത്തൂരിൽ നടന്ന 38-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഷോട്ട് പുട്ടിൽ 16.70 മീറ്റർ ദൂരം എറിഞ്ഞ് മീറ്റ് റെക്കോർജഡും കരസ്ഥമാക്കിയിരുന്നു.

ആലുവ, അശോകപുരം, കമ്പിൽ വീട്ടിൽ ജി.സഞ്ജു കേരള പൊലീസിൽ ഹവീൽദാരാണ്. 2019 ലെ ഡൂൻഡ് കപ്പ് നേടിയ ഗോകുലം എഫ്.സി ടീം, 2022 ലെ സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീം എന്നിവയിൽ അംഗമായിരുന്നു. 2022 നാഷണൽ ഗെയിംസിലെ സിൽവർ മെഡൽ, 2023 നാഷണൽ ഗെയിംസിലെ വെങ്കല മോഡൽ ജേതാവുമാണ്.

15ന് വൈകിട്ട് 5.30ന് ക്വയിലോൺ അത്‌ലറ്റിക് ഹാളിൽ ചേരുന്ന കെ.തങ്കപ്പൻ അനുസ്‌മരണ സമ്മേളനത്തിൽ 25,000 രൂപ വീതമുള്ള ക്യാഷ് അവാർഡും പുരസ്കാരങ്ങളും ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ സമ്മാനിക്കും.