 കാത്തുനിന്ന് അന്ത്യാഭിവാദ്യം അർപ്പിച്ചത് ആയിരങ്ങൾ

കൊല്ലം: കണ്ഠമിടറി, ആകാശം പൊട്ടുമാറുച്ചത്തിൽ കൊല്ലം വിളിച്ചു. ഇല്ലായില്ല മരിക്കുന്നില്ല, പ്രിയ സഖാവ് മരിക്കുന്നില്ല, കാനം ‌ഞങ്ങടെ ചങ്കാണേ, ചങ്കിൽ കത്തും തീയാണേ.... ഇങ്ങനെ പ്രിയനേതാവിന്റെ വേർപാടിൽ വിതുമ്പി കൊല്ലത്തെ ഹൃദയപക്ഷം കണ്ണീർകൊണ്ട് നനച്ച മണ്ണിലൂടെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ജന്മനാട്ടിലേക്കുള്ള അവസാന യാത്ര കടന്നുപോയി.

പ്രതീക്ഷച്ചതിലും ഏറെ വൈകിയാണ് കാനത്തിന്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര ജില്ലയുടെ അതിർത്തിയായ നിലമേലിൽ എത്തിയത്. വഴിയരികിൽ കാത്തുനിന്നവരുടെയെല്ലാം അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വൈകിട്ട് 6.40നാണ് വിലാപയാത്ര കൊട്ടാരക്കരയിലെത്തിയത്. വൈകിട്ട് 4 മുതൽ പ്രവർത്തകരും നാട്ടുകാരുമടക്കം വൻ ജനാവലി എം.സി റോഡിൽ കൊട്ടാരക്കര പട്ടണത്തിന്റെ ഭാഗമായ പുലമൺ രവി നഗറിൽ തടിച്ചുകൂടിയിരുന്നു. നാലരയോടെ അനുശോചന യോഗം തുടങ്ങി. സി.പി.ഐ സംസ്ഥാന എക്സി. അംഗം കെ.ആർ.ചന്ദ്രമോഹനൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, എം.എൽ.എമാരായ കെ.ബി.ഗണേശ് കുമാർ, ജി.എസ്.ജയലാൽ, മേയർ പ്രസന്ന ഏണസ്റ്റ്, കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്, ചെങ്ങറ സുരേന്ദ്രൻ, ഡി.രാമഭദ്രൻ, കെ.രാജഗോപാൽ, കുളക്കട രാജു, പി.കെ.ജോൺസൺ, എസ്.ആർ.അരുൺ ബാബു, എ.എസ്.ഷാജി, രാമവർമ്മ, ആർ.രശ്മി, എസ്.ജയമോഹൻ, എ.ഷാജു, ആർ.രാജശേഖരൻ പിള്ള, വയയ്ക്കൽ സോമൻ, ബ്രിജേഷ് എബ്രഹാം, ജി.സുന്ദരേശൻ, ജി.സോമശേഖരൻ നായർ, പി.ഹരികുമാർ, കെ.എസ്.വേണുഗോപാൽ തുടങ്ങിയ നേതാക്കൾ സംസാരിച്ച് കഴിഞ്ഞപ്പോഴാണ് വിലാപാത്ര കൊട്ടാരക്കരയുടെ ഹൃദയത്തിലേക്ക് പ്രവേശിച്ചത്.

വികാരവായ്പ്പോടെ ജനം,

കണ്ണേ കരളേ രാജേട്ടാ...
'കണ്ണേ കരളേ രാജേട്ടാ... ഞങ്ങളെയാകെ നയിച്ച സഖാവേ... ' മുദ്രാവാക്യം വിളിയിലും ഏറ്റുവിളിയിലും വികാരം മുഴുക്കെ പ്രകടമായിരുന്നു. റോഡിൽ തിങ്ങി നിറഞ്ഞവരെ വശങ്ങളിലേക്കൊതുക്കിയാണ് ബസ് അനുശോചന യോഗ വേദിക്ക് തൊട്ടരികിൽ നിറുത്തിയത്. പിൻഭാഗത്തെ വാതിലിൽ കൂടി അകത്തേക്കു കയറി പുഷ്പ ചക്രങ്ങൾ സമർപ്പിച്ചും പൂക്കൾ വാരിവിതറിയും പ്രിയ നേതാവിന് തങ്ങളുടെ ഹൃദയാഞ്ജലികൾ അർപ്പിച്ച് മുൻവാതിലിൽക്കൂടി പുറത്തേക്കിറങ്ങി. മന്ത്രിമാരായ പി.പ്രസാദ് കാനത്തിന്റെ തലഭാഗത്തും ജെ.ചിഞ്ചുറാണി ചുവടുഭാഗത്തും ജി.ആർ.അനിൽ ബസിന്റെ പിൻഭാഗത്തുമുണ്ടായിരുന്നു. കാരണവരെപ്പോലെ മൈക്കിൽക്കൂടി ചിട്ടവട്ടങ്ങൾ നിയന്ത്രിച്ച് മന്ത്രി കെ.രാജനും സംസ്ഥാന എക്സിക്യുട്ടീവ് അംഗം ആർ.രാജേന്ദ്രനും ബസിന്റെ കവാടത്തിനരികിൽ തന്നെയുണ്ടായിരുന്നു. സംസ്ഥാന അസി.സെക്രട്ടറി കെ.പ്രകാശ് ബാബു അടക്കമുള്ള നേതാക്കൾ എല്ലാത്തിനും സാക്ഷിയായി. നാല്പത് മിനിട്ടുനേരത്തിന് ശേഷമാണ് കൊട്ടാരക്കരയിൽ നിന്ന് വിലാപയാത്ര അടൂരിലേക്ക് പുറപ്പെട്ടത്. വാഹനങ്ങളെല്ലാം കടന്നുപോയിട്ടും പ്രിയ സഖാവിന്റെ വിയോഗവ്യഥയിൽ നീറുന്ന പ്രവർത്തകർ അവിടെ ഏറെനേരമുണ്ടായിരുന്നു.