കൊല്ലം: ജനപങ്കാളിത്തവും മത്സര പ്രൗഢികൊണ്ടും ഏറെ ശ്രദ്ധേയമാണ് പ്രസിഡന്റ്സ് ട്രോഫിയും സി.ബി.എൽ മത്സരങ്ങളുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് അഷ്ടമുടി കായലിൽ നടന്ന മൂന്നാമത് എഡിഷൻ സി.ബി.എല്ലിന്റെയും ഒൻപതാമത് പ്രസിഡന്റ്‌സ് ട്രോഫി വള്ളം കളിയുടെയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലത്തിന്റെ ചരിത്രത്തിൽ പ്രധാനമായ പങ്കാണ് അഷ്ടമുടി കായലിൽ നടക്കുന്ന ജലോത്സവത്തിനുള്ളതെന്നും എം.പി കൂട്ടിച്ചേർത്തു. എം.മുകേഷ് എം.എൽ.എ. അദ്ധ്യക്ഷനായി. മേയർ പ്രസന്നാ ഏണസ്റ്റ് പതാക ഉയർത്തി മത്സരങ്ങൾക്ക് ഔദ്യോഗികമായി തുടക്കംകുറിച്ച് എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ബാലകൃഷ്ണൻ മണികണ്ഠൻ മുഖ്യാതിഥിയായി.
എം.നൗഷാദ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപാൻ, ജില്ലാ കളക്ടർ എൻ.ദേവിദാസ്, ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എസ്.പ്രമീള, സംഘാടകർ തുടങ്ങിയവർ പങ്കെടുത്തു. മത്സരത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.