കൊല്ലം: അര മണിക്കൂർ അടുത്തടുത്തിരുന്നിട്ടും സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജയ്ക്കും മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനും അധികം വർത്തമാനമുണ്ടായില്ല. ഇരു മുഖങ്ങളിലും ദുഃഖം തളം കെട്ടിനിൽക്കുന്നുണ്ടായിരുന്നു.
എപ്പോഴും വാചാലനാകുന്ന പന്ന്യൻ ഇത്രത്തോളം മൗനിയായത് കാഴ്ചക്കാർക്കും സങ്കടമായി. ഇടയ്ക്ക് എന്തെങ്കിലും ഡി.രാജ ചോദിക്കുമ്പോൾ ഒറ്റവാചകത്തിൽ ഉത്തരം നൽകി. അടുത്ത വാക്കുവരാൻ പിന്നെയും സമയം ഏറെയെടുത്തു. അത്ര വികാരപരമായ നിമിഷങ്ങൾക്കാണ് ഇന്നലെ കൊട്ടാരക്കര സാക്ഷ്യം വഹിച്ചത്. വിലാപയാത്രയ്ക്കൊപ്പം തിരുവന്തപുരത്ത് നിന്ന് നേതാക്കളെല്ലാം ചേർന്നിരുന്നു. കൊട്ടാരക്കരയിൽ കൂടുതൽ സമയം ബസ് നിറുത്തിയിടേണ്ടിവരുമെന്നതിനാലാണ് നേതാക്കൾ അനുശോചന യോഗത്തിനായി തയ്യാറാക്കി പന്തലിനുള്ളിൽ ഇരുന്നത്. ഡി.രാജയും പന്ന്യൻ രവീന്ദ്രനും സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ഡോ. നാരായണും ജില്ലാ സെക്രട്ടറി പി.എസ്.സുപാലും ചെങ്ങറ സുരേന്ദ്രനും സാം കെ.ഡാനിയേലുമടക്കമുള്ളവരെല്ലാം പന്തലിൽ ഇരിപ്പിടങ്ങളിൽ അമർന്നുവെങ്കിലും കൂട്ടത്തിലൊരാൾ നഷ്ടപ്പെട്ടതിന്റെ സങ്കടങ്ങൾ അവിടമാകെ നിറഞ്ഞുനിൽക്കുകയായിരുന്നു.