കൊട്ടാരക്കര: ചെങ്കൊടിപ്പുതപ്പിൽ കണ്ണട മാറ്റാത്ത കാനത്തിന്റെ മുഖം, ചിരപരിചിതരെക്കണ്ടിട്ടും ആ കണ്ണുകൾ തുറന്നില്ല, പുഞ്ചിരി തെളിഞ്ഞില്ല. ചെങ്കൊടിക്കീഴിൽ ചുവടുറപ്പിച്ചവർക്കെല്ലാം അതൊരു നൊമ്പരക്കാഴ്ചയായി. ഇന്നലെ കൊട്ടാരക്കര കണ്ണീരുപ്പോടെയാണ് കാനം രാജേന്ദ്രന് വിപ്ളവാഭിവാദ്യമർപ്പിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടറിയായശേഷമാണ് കൊട്ടാരക്കര കാനത്തിന് കൂടുതൽ പ്രിയപ്പെട്ടതായത്. എം.സി റോഡുവഴി പോകുമ്പോഴെല്ലാം കൊട്ടാരക്കര ചന്തമുക്കിലെ സുരേന്ദ്ര ഭവനെന്ന പാർട്ടി ഓഫീസിലെത്തും. മടങ്ങുമ്പോൾ പുലമൺ ആര്യാസ് വെജിറ്റേറിയൻ ഹോട്ടലിൽ നിന്ന് ലഘുഭക്ഷണം. കുളക്കടയിൽ സി.കെ.ചന്ദ്രപ്പൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ നിർമ്മാണം തുടങ്ങിയ കാലം മുതൽ മാസത്തിൽ ഒരു തവണയെങ്കിലും അവിടം സന്ദർശിക്കുമായിരുന്നു. ആ നിലയിൽ കൊട്ടാരക്കരയിലെ സാധാരണ പ്രവർത്തകരെപ്പോലും അടുത്തറിയാനും അവരുമായി കൂടുതൽ സൗഹൃദമുണ്ടാക്കാനും അദ്ദേഹത്തിനായി.