ശാസ്താംകോട്ട: യുവാവിനെ അക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ മൂന്നു പേരെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതികളായ ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ മുളയ്ക്കൽ തെക്കതിൽ ബാദുഷ (29), ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ പീഠിക്കലഴികത്ത് വീട്ടിൽ അതുൽരാജ് എന്നു വിളിക്കുന്ന കെ.പി.കണ്ണൻ (27) ,ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ പ്രീമാ ഭവനത്തിൽ മൊട്ടാസ് എന്നു വിളിക്കുന്ന പ്രിഥിൻ രാജൻ ( 29 ) എന്നിവരാണ് ശ്സ്താംകോട്ട പൊലീസിന്റെ പിടിയിലായത്. ഈ മാസം 8 ന് ശാസ്താംകോട്ട വിജയാ ബാറിൽവച്ച് ഒന്നാം പ്രതി ബാദുഷയെ ആരോ ചീത്ത വിളിച്ചത് ദേഹോപദ്രവമേറ്റ യുവാവാണെന്ന് തെറ്റിദ്ധരിച്ചാണ് യുവാവിനെ ഉപദ്രവിച്ചത്. പ്രതികൾ പാറക്കല്ലു കൊണ്ട് യുവാവിന്റെ ഇടതു കണ്ണിന് താഴെ ഇടിച്ചും നിലത്തിട്ട് ചവിട്ടിയും തലയ്ക്കടിച്ചുമാണ് ഗുരുതര പരിക്കേല്പിച്ചത്. ഒന്നാം പ്രതി ബാദുഷ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടാ ആക്ട‌് പ്രകാരം ജയിൽവാസം അനുഭവിച്ച ആളുമാണ്. രണ്ടും മൂന്നും പ്രതികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കൃത്യത്തിൽ ആകെ 8 പ്രതികളാണുള്ളത്. ഇനി 5 പ്രതികളെ പിടിക്കാനുള്ളതായി ശാസ്താംകോട്ട എസ്.എച്ച്.ഓ കെ. ശ്രീജിത്ത് പറഞ്ഞു. ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ സി.പി.ഓ മാരായ അലക്സാണ്ടർ, ഷൺമുഖദാസ്, അരുൺകുമാർ, രാകേഷ്, പദ്‌മകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.