 
കൊട്ടാരക്കര : ലൈബ്രറി കൗൺസിൽ നെടുവത്തൂർ പഞ്ചായത്തുതല ബാലോത്സവം നെടുവത്തൂർ ഗാലക്സി ലൈബ്രറിയിൽ നടന്നു. പഞ്ചായത്തിലെ പതിനൊന്ന് ലൈബ്രറികളിൽ നിന്നുള്ള കുട്ടിപ്രതിഭകൾ പങ്കെടുത്തു. യു.പി, എച്ച്.എസ് വിഭാഗങ്ങൾക്ക് പത്തിനങ്ങളിലായിരുന്നു മത്സരമെങ്കിലും മത്സരമില്ലാത്ത ഇനങ്ങളിലും കുട്ടികളും മുതിർന്നവരും പങ്കാളികളായപ്പോഴാണ് ആഘോഷത്തിന് മാറ്റുകൂടിയത്. വിധികർത്താക്കളായെത്തിയ ആർ.എസ്.ബിന്ദുവും ബിന്ദു അജിയും ടി.സുനിൽകുമാറും തങ്ങളുടെ കലാവൈഭവം വേദിയിൽ അവതരിപ്പിച്ചതും കൂടുതൽ ഹൃദ്യമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ഉദ്ഘാടനം ചെയ്തു. നേതൃസമിതി കൺവീനർ കെ.കുമാരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് ബീന സജീവ്, കോട്ടാത്തല ശ്രീകുമാർ, വിധു ബാബു, ഡി.രാജു,എസ്. നജീം, കെ.ജി.മണിലാൽ, ആർ. രാജീവൻ, കെ.ജി.വിമലൻ, എസ്.മോഹനൻ, ഷൈലജ, ദേവരാജൻ, ആർ.ശിവകുമാർ, അജിത സുരേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് കലാ-സാഹിത്യ മത്സരങ്ങൾ നടന്നു. സമാപന യോഗത്തിൽ കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് മെമ്പർ കെ.ഐ.ലതീഷ് സമ്മാനദാനം നടത്തി. ബാലോത്സവത്തിന്റെ മുന്നൊരുക്കങ്ങൾക്കും സംഘാടനത്തിനുമൊക്കെ നാടിന്റെ പൂർണ പിന്തുണകൂടിയുണ്ടായിരുന്നു. വർണ ബലൂണുകളടക്കം കെട്ടിയലങ്കരിച്ചാണ് കുട്ടിക്കൂട്ടത്തെ നാട് വരവേറ്റത്.