 ദുരിതത്തിലായി വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ

കൊല്ലം: അഞ്ച് മാസത്തിലേറെയായി അടച്ചിട്ടിരിക്കുന്ന കർബല ജംഗഷനിലെ റെയിൽവേ നടപ്പാലം തുറക്കാൻ നടപടിയില്ല. ഇതോടെ ദുരിതത്തിലായിരിക്കുകയാണ് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ. കർബല ജംഗ്ഷനിൽ നിന്നു തുടങ്ങി ആഞ്ഞിലിമൂടിനു സമീപം അവസാനിക്കുന്ന നടപ്പാലം കഴിഞ്ഞ ജൂൺ 20ന് അറ്റകുറ്റപ്പണിയുടെയും സുരക്ഷ കാരണങ്ങളുടെയും പേരിലാണ് അടച്ചത്.

എസ്.എൻ കോളേജ്, എസ്.എൻ വനിതാ കോളജ്, എസ്.എൻ ലാ കോളേജ്, ഫാത്തിമ മാതാ കോളജ്, സ്വകാര്യ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ എന്നിവർക്ക് റെയിൽവേ ട്രാക്ക് മുറിച്ചു കടക്കാതെ ശങ്കേഴ്‌സ് ഭാഗത്തേക്ക് എളുപ്പത്തിലെത്താൻ ഉപയോഗിച്ചിരുന്ന പാലമാണ് 5 മാസത്തിലേറെയായി അടഞ്ഞു കിടക്കുന്നത്. പാലം അടഞ്ഞുകിടക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കേണ്ടിവരുന്നത് അപകട സാദ്ധ്യത ഉണ്ടാക്കുന്നുണ്ട്. പാലം അടച്ചതു കാരണം ദൂര സ്ഥലങ്ങളിലേക്ക് പോകേണ്ട വിദ്യാർത്ഥികൾ ബസ് സ്റ്റോപ്പിലും മറ്റുമെത്താൻ ബുദ്ധിമുട്ടുകയാണ്. നടപ്പാലം അടച്ചതോടെ ശങ്കേഴ്‌സ് ഭാഗത്തെ കടകളിലും ആരും വരാതായെന്നും കച്ചവടക്കാർ പറയുന്നു.

എന്ന് തുറക്കുമെന്നറിയില്ല
ജൂണിൽ റെയിൽവേ അധികൃതർ നടപ്പാലത്തിൽ നടത്തിയ സുരക്ഷ പരിശോധനയിൽ പാലത്തിന് ബലക്ഷയം ഉണ്ടെന്നും സ്ലാബുകൾ ഇളകിയിരിക്കുകയാണെന്നും കണ്ടെത്തിയിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ കടന്നുപോയാൽ അപകടത്തിന് കാരണമാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി പാലം അടയ്ക്കാൻ റെയിൽവേ സുരക്ഷവിഭാഗം അധികൃതരാണ് നിർദ്ദേശം നൽകിയത്. അറ്റകുറ്റപണികൾക്ക് ശേഷം ഉടൻ തുറക്കുമെന്നായിരുന്നു അധികൃതർ നൽകിയിരുന്ന മറുപടി. എന്നാൽ പാലം എന്ന് തുറക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.നടപ്പാലത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ട് മാസങ്ങളായെന്നും റെയിൽവേയും കോർപ്പറേഷനും തമ്മിലുള്ള കർബല ഭാഗത്തെ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട തർക്കമാണ് മേൽപ്പാലം തുറന്ന് നൽകുന്നത് വൈകാൻ കാരണമെന്നുമാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.