
ചാത്തന്നൂർ: ഓയൂർ ഓട്ടുമലയിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പോളച്ചിറയിലെ ഫാം ഹൗസിലെത്തിച്ച് തെളിവെടുത്തു. ഇന്നലെ രാവിലെ 11.20 നാണ് പ്രതികളുമായി ക്രൈംബ്രാഞ്ച് സംഘം പോളച്ചിറയിലെത്തിയത്.
രണ്ടാം പ്രതിയായ അനിതകുമാരിയെ (39) മാത്രമാണ് പൊലീസ് വാനിൽ നിന്ന് പുറത്തിറക്കിയത്. ഒന്നാം പ്രതി ചാത്തന്നൂർ മാമ്പള്ളികുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), മകൾ അനുപമ എന്നിവരെ വാഹനത്തിനുള്ളിലിരുത്തി.
മൂന്നര ഏക്കർ വരുന്ന ഫാമിന്റെ ഏറ്റവും പിന്നിലായി നായ്ക്കളുടെ ഷെഡിന് സമീപത്ത് നിന്ന് ആറ് വയസുകാരിയുടെ നോട്ട് ബുക്കിന്റെ ചില ഭാഗങ്ങൾ കണ്ടെത്തി. കൂടാതെ സ്‌കൂൾ ബാഗ് കത്തിച്ചതിന്റെ അവശിഷ്ടങ്ങളും ഇൻസ്ട്രമെന്റ് ബോക്‌സും അന്വേഷണസംഘം കണ്ടെടുത്തു.
ഒന്നര മണിക്കൂറിലേറെ നീണ്ട തെളിവെടുപ്പിൽ അനിതകുമാരി സംഭവദിവസത്തെ കാര്യങ്ങൾ വിശദീകരിച്ചു. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു. ഫാമിൽ നിന്ന് ചില വസ്തുക്കൾ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
ഫാമിലെ ജോലിക്കാരിയും ഭർത്താവും സ്ഥലത്തുണ്ടായിരുന്നെങ്കിലും അനിതകുമാരി അവരെ ശ്രദ്ധിച്ചില്ല. വൈകിട്ടോടെ പ്രതികളെ പിടികൂടിയ തമിഴ്നാട്ടിലെ ഹോട്ടലിലും കുളത്തൂപ്പുഴ -ആര്യങ്കാവ് മേഖലയിലും കുട്ടിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച വെള്ള സ്വിഫ്റ്റ് ഡിസയർ കാറിൽ ഉപയോഗിച്ച വ്യാജ നമ്പർ പ്ലേറ്റ് ഉപേക്ഷിച്ച സ്ഥലത്തും തെളിവെടുത്തു.നമ്പർ പ്ലേറ്റ് ഒടിച്ചുമടക്കിയെറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഇവിടങ്ങളിൽ മൂന്നുപേരെയും തെളിവെടുപ്പിനായി പുറത്തിറക്കി.
കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനത്ത് മാത്രമാണ് ഇനി തെളിവെടുപ്പ് ശേഷിക്കുന്നത്. ഇന്ന് അവിടെ എത്തിച്ചേക്കുമെന്നാണ് വിവരം. ഡിവൈ.എസ്.പി എം.എം. ജോസിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.