
കൊല്ലം: ഒമാനിലെ മൊസാണ്ട ദ്വീപിൽ മുങ്ങി മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. കടപ്പാക്കട ഉളിയക്കോവിൽ കോതേത്ത് കുളങ്ങര കിഴക്കതിൽ ശശിധരൻ -- ശോഭ ദമ്പതികളുടെ മകൻ ജിതിനാണ് (38) മരിച്ചത്.
കഴിഞ്ഞ് 2ന് മൊസാണ്ട ദ്വീപിൽ നീന്തുന്നതിനിടെയായിരുന്നു അപകടം. ജിതിൻ ദുബായിലെ ഇലക്‌ട്രോണിക്‌സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. കമ്പനി ജീവനക്കാർക്കായി ഒമാനിലെ മൊസാണ്ടയിലേക്ക് ഒരുദിവസത്തേക്കുള്ള ടൂറിന് വിസ അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജിതിനും കമ്പനിയിലെ മറ്റ് ജീവനക്കാരും ദ്വീപിലെത്തിയത്.
ബോട്ടിംഗ് നടത്തിയ ശേഷം ദ്വീപിന് സമീപത്തെ ജലാശയത്തിൽ നീന്തുന്നതിനിടെ മുങ്ങി മരിക്കുകയായിരുന്നു. നീന്തൽ അറിയാവുന്ന ആളായിരുന്നു നിതിൻ. നാല് മാസം മുമ്പാണ് ദുബായിലെ ഇലക്‌ട്രോണിക്‌സ് കമ്പനിയിൽ ജിതിൻ ജോലിക്ക് പ്രവേശിച്ചത്.
സർക്കാർ ഇടപെടലിലൂടെ ഒമാനിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ രാവിലെ 8ന് തിരുവനന്തപുരം എയർപോർട്ടിലെത്തിച്ച മൃതദേഹം ഉളിയക്കോവിലെ വീട്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് മൂന്നോടെ പോളയത്തോട് വിശ്രാന്തിയിൽ സംസ്‌കരിച്ചു. ഭാര്യ: രേഷ്മ. മകൾ: ഋതു.