കൊല്ലം: മദ്യലഹരിയിൽ എസ്.ഐയ്ക്കും കുടുംബത്തിനും നേരെ അതിക്രമം കാണിച്ച യുവാവ് പിടിയിൽ. അടൂർ പതിനാലാം വയൽ പീടികയിൽ വീട്ട് ഉണ്ണിക്കൃഷ്ണനാണ് (25) കിഴക്കേ കല്ലട പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെ കല്ലട മുട്ടത്ത് വച്ചായിരുന്നു സംഭവം.

പൊലീസ് പറയുന്നത്: കുണ്ടറ സ്‌റ്റേഷനിലെ എസ്.ഐ അനീഷ്, ഭാര്യ സിജ, മകൻ പാർത്ഥൻ (8) എന്നിവർ അനീഷിന്റെ സഹോദരൻ ഉമേഷിന്റെ വീട്ടിലേക്ക് കാറിൽ പോവുകയായിരുന്നു. ഈ സമയം കാഞ്ഞിരോട് സി.വി.കെ.എം സ്‌കൂളിന് സമീപത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് അടൂരിലെ വീട്ടിലേക്ക് പോകാൻ ചിറ്റുമല ജംഗ്ഷനിൽ നിന്ന് ഭരണിക്കാവിലേക്ക് പോകേണ്ടതിന് പകരം വഴിതെറ്റി മൺറോതുരുത്തിലേക്കുള്ള വഴിയിലേക്ക് കയറി.

ഈ സമയം എസ്.ഐയുടെ കാർ ഉണ്ണിക്കൃഷ്ണന്റെ ബുള്ളറ്റിനെ മറികടന്ന് പോയി. ഈ വിരോധത്തിൽ യുവാവ് എസ്.ഐയുടെ കാർ പിന്തുടർന്നു. തുടർന്ന് സഹോദരന്റെ വീടിന് മുന്നിൽ എസ്.ഐ കാർ നിറുത്തിയപ്പോൾ ബുള്ളറ്റ് കാറിന് മുന്നിൽ വച്ച് മാർഗ തടസം സൃഷ്ടിക്കുകയും ചെയ്തു.

കാറിൽ നിന്ന് ഇറങ്ങിയ അനീഷുമായി ഉണ്ണിക്കൃഷ്ണൻ തർക്കത്തിലേർപ്പെടുകയും ചെയ്തു. ഈ സമയം കാറിന്റെ മുന്നിലെ ഡോർ വഴി പുറത്തേക്കിറങ്ങിയ സിജയെയും മകൻ പാർത്ഥിപനെയും ഉണ്ണിക്കൃഷ്ണൻ ആക്രമിക്കുകയായിരുന്നു.

ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടുകയും എസ്.ഐ അനീഷും നാട്ടുകാരും ചേർന്ന് ഉണ്ണിക്കൃഷ്ണനെ പിടികൂടി കിഴക്കേ കല്ലട പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അനീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉണ്ണിക്കൃഷ്ണനെ റിമാൻഡ് ചെയ്തു.