
കൊല്ലം: മിതമായ നിരക്കിൽ ഗുണ നിലവാരമുള്ള കോഴിയിറച്ചി ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങൾക്ക് സ്ഥിര വരുമാനം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച കേരള ചിക്കൻ പദ്ധതിക്ക് ജില്ലയിൽ മികച്ച മുന്നേറ്റം.
2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ കേരള ചിക്കൻ കൊല്ലം ഔട്ട്‌ലെറ്റുകളിൽ നിന്ന് മാത്രം വിറ്റത് 15 കോടി രൂപയുടെ ചിക്കനാണ്. ജില്ലയിൽ പദ്ധതിയിലുൾപ്പെട്ട കോഴി കർഷകർക്ക് വളർത്ത് കൂലി ഇനത്തിൽ 2.32 കോടി രൂപയും ഔട്ട്‌ലെറ്റ് ഗുണഭോക്താക്കൾക്ക് 2.97കോടി രൂപയും ലഭിച്ചു. നിലവിൽ ജില്ലയിൽ 13 ഔട്ട്‌ലെറ്റുകളും 36 ഫാമുകളും പ്രവർത്തിക്കുന്നുണ്ട്. ശരാശരി 300 കിലോയോളം ചിക്കനാണ് ആകെ ഔട്ട്‌ലെറ്റിൽ നിന്ന് ഒരു ദിവസം ശരാശരി വിറ്റുപോകുന്നത്.
കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ്, കെപ്കോ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉത്പാദനം മുതൽ വിപണനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തുന്നത് കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡാണ്.
കോഴിക്കർഷകർക്ക് വളർത്തുകൂലി നൽകുന്ന രീതിയിലാണ് പ്രവർത്തനം. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, മരുന്ന് എന്നിവ കുടുംബശ്രീ സൗജന്യമായി നൽകും. വളർച്ചയെത്തിയ ഇറച്ചിക്കോഴികളെ കമ്പനി തന്നെ തിരികെയെടുത്ത് കേരള ചിക്കൻ ഔട്ട് ലെറ്റുകൾ വഴി വിൽപ്പന നടത്തും. ഇങ്ങനെ കോഴികളെ വളർത്തി നൽകുന്നതിന് കർഷകർക്ക് നിശ്ചിത തുക ലഭിക്കുകയും ചെയ്യും.
വില പൊതുമാർക്കറ്റിനേക്കാൾ താഴെ
2022 - 23ൽ ജില്ലയിൽ വിറ്റത് 15 കോടിയുടെ ചിക്കൻ
ഓരോ ദിവസത്തെയും വില സ്വകാര്യ മാർക്കറ്റുകളുമായി താരതമ്യം ചെയ്ത് തലേന്ന് നിശ്ചയിക്കും
വിശേഷ ദിവസങ്ങളിൽ വിൽക്കുന്നത് കുറഞ്ഞ വിലയ്ക്ക്
ഇറച്ചിയുടെ ഗുണനിലവാരം മറ്റൊരു ആകർഷണം
കുടുംബശ്രീ ഫെസ്റ്റുകളിലെ കേരള ചിക്കന്റെ പ്രചാരണം വിൽപ്പനയെ സാഹായിച്ചു
പദ്ധതി നടപ്പാക്കിയ ജില്ലകൾ
കൊല്ലം തിരുവനന്തപുരം ആലപ്പുഴ കോട്ടയം എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട്
പദ്ധതി ആരംഭിച്ചത് - 2017 ൽ
സംസ്ഥാനത്ത് വിറ്റുവരവ് ₹ 200 കോടി
ആകെ ഔട്ട്‌ലെറ്റുകൾ - 119
ഫാമുകൾ - 359
ഇന്നലെ വില കിലോയ്ക്ക്
കേരള ചിക്കൻ ₹ 108
പുറത്ത് ₹ 125
കഴിഞ്ഞ ഏപ്രിലിൽ ആശ്രാമത്ത് നടന്ന ഫെസ്റ്റിൽ 5000 കിലോയിലധികം ചിക്കൻ വിറ്റുപോയി. വില എപ്പോഴും പൊതു മാർക്കറ്റിനേക്കാൾ കുറവായിരിക്കും.
കുടുബശ്രീ ജില്ലാ അധികൃതർ