കൊട്ടാരക്കര : ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ വിലങ്ങറ വാർഡിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. വാർഡ് അംഗമായിരുന്ന ബി.ജെ.പി പ്രതിനിധി എൽ.ഉഷ രാജിവച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സി.പി.ഐയിലെ ഹരിത അനിൽ ഇടത് മുന്നണിക്കുവേണ്ടിയും കോൺഗ്രസിലെ നെല്ലിക്കുന്നം സുലോചന യു.ഡി.എഫിനുവേണ്ടിയും രോഹിണി ബി.ജെ.പിക്കുവേണ്ടിയുമാണ് മത്സര രംഗത്തുള്ളത്. ഒന്നര പതിറ്റാണ്ടിലധികമായി ബി.ജെ.പിക്ക് അനുകൂലമായി വിധിയെഴുതുന്ന വാർഡിൽ ഇക്കുറി കടുത്ത മത്സരമാണ് നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായുണ്ടായ രാഷ്ട്രീയ പ്രശ്നങ്ങൾ ഉമ്മന്നൂരിൽ ഇപ്പോഴും നിലനിൽക്കുകയാണ്. സി.പി.ഐയുടെ പ്രസിഡന്റാണ് രണ്ട് വർഷം പഞ്ചായത്ത് ഭരിച്ചത്. ഇടത് മുന്നണി ധാരണപ്രകാരം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ രാജിവച്ച് സി.പി.എമ്മിന് പ്രസിഡന്റ് സ്ഥാനവും സി.പി.ഐക്ക് വൈസ് പ്രസിഡന്റ് സ്ഥാനവും നൽകാൻ ആലോചിച്ചുവെങ്കിലും മത്സരത്തിൽ പരാജയപ്പെട്ടു. ബി.ജെ.പിയിലെ ചില അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ലഭിച്ചു. വിലങ്ങറ വാർഡംഗമായിരുന്ന എൽ.ഉഷയടക്കം മൂന്ന് ബി.ജെ.പി അംഗങ്ങളാണ് അന്ന് യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തത്. തുടർന്ന് ഉഷ മെമ്പർസ്ഥാനം രാജിവച്ചു. ഈ ഒഴിവിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ അതിനെ രാഷ്ട്രീയമായി നേരിടുവാൻ മുന്നണി നേതൃത്വങ്ങൾ തയ്യാറായി. അതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കൂടുതൽ വീറും വാശിയും ഉണ്ടായത്. പ്രചരണ രംഗത്ത് മുന്നണികൾ ഒപ്പത്തിനൊപ്പം മുന്നേറി. ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുഫോഴും നേതാക്കളടക്കം സ്ഥലത്ത് കേന്ദ്രീകരിക്കും. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.