കരുനാഗപ്പള്ളി: 19ന് കരുനാഗപ്പള്ളിയിൽ എത്തുന്ന നവകേരള സദസിനെ വരവേൽക്കാനുള്ള എല്ലാ ഒരുങ്ങളും കരുനാഗപ്പള്ളി അസംബ്ളി നിയോജക മണ്ഡലത്തിൽ പൂർത്തിയാകുന്നു. 19 ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും കരുനാഗപ്പള്ളിയിലെ എച്ച് ആൻഡ് ജെ മാൾ ഗ്രൗണ്ടിൽ എത്തും. പരിപാടിയിൽ 20000 പേരെ പങ്കെടുപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് സ്വാഗതസംഘം ചെയർമാൻ ആർ.സോമൻപിള്ളയും വൈസ് ചെയർമാൻ കോട്ടയിൽ രാജുവും ജി.എസ്.ടി അസിസ്റ്റന്റ് കമ്മിഷണർ ബി.പത്മദാസ്, ഡെപ്യുട്ടി തഹസിൽദാർ ആർ.അനീഷ് എന്നിവർ പറഞ്ഞു.
സംഘാടക സമിതിയും വീട്ട്മുറ്റ യോഗങ്ങളും
പരിപാടിയുടെ പ്രചരണാർത്ഥം മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ടൗണുകളിലും പ്രധാന ജംഗ്ഷനുകളിലും ഗ്രാമപ്രദേശങ്ങളിലും ഫ്ളക്സ് ബോർഡുകളും കൂറ്റൻ കമാനങ്ങളും ഉയർന്ന് കഴിഞ്ഞു. മണ്ഡലം സംഘാടക സമിതിക്ക് ശേഷം കരുനാഗപ്പള്ളി നഗരസഭയിലും മറ്റ് ആറ് ഗ്രാമപഞ്ചായത്തുകളിലും സംഘാടക സമിതികൾ കൂടി. വാർഡ് തല സംഘാടക സമിതിക്ക് ശേഷം വീട്ട്മുറ്റ യോഗങ്ങളും തുടങ്ങി. 152 വാർഡുകളിലായി 2500 ഓളം വീട്ടുമുറ്റ യോഗങ്ങൾ നടത്തും. ഇതിനകം 1500 യോഗങ്ങൾ സംഘടിപ്പിച്ച് കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. പരിപാടിയുടെ പ്രചരണാർത്ഥം ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കലാപരിപാടികൾ നടത്തും.
21 പരാതി കൗണ്ടറുകൾ
19 ന് രാവിലെ നവകേരള സദസ് ഗ്രൗണ്ടിൽ 21 പരാതി കൗണ്ടറുകൾ തുറന്ന് പ്രവർത്തിക്കും. പരാതിക്കാർക്ക് കൗണ്ടറുകളിൽ പരാതികൾ നൽകി രസീത് വാങ്ങാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തും.
നവകേരള കൊടിയേറ്റ് സമ്മേളനം
ഇന്ന് വൈകിട്ട് 5ന് നവകേരള കൊടിയേറ്റ് സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ആർ.സോമൻ പിള്ള അദ്ധ്യക്ഷനാകും. കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രഭാഷണവും നടക്കും. നാളെ വൈകിട്ട് 4 ന് ഡോ.വള്ളിക്കാവ് മോഹൻദാസ് പ്രഭാഷണം നടത്തും. 14ന് വൈകിട്ട് 5 ന് സാംസ്കാരിക സായാഹ്നം സിനിമ സീരിയൽ താരം ഗായത്രി ഉദ്ഘാടനം ചെയ്യും. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ.സി.ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തും. വൈകിട്ട് 5 ന് ക്ലാപ്പന തോട്ടത്തിമുക്കിൽ നടക്കുന്ന സെമിനാറിൽ കെ.സോമപ്രസാദ്, ആർ.സജി ലാൽ എന്നിവർ പ്രഭാഷണം നടത്തും. 15ന് വൈകിട്ട് 4ന് സെമിനാർ. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്യും. അഡ്വ.പി.ബി.ശിവൻ മോഡറേറ്ററാകും. വൈകിട്ട് 4 ന് വനിതാ ബാസ്ക്കറ്റ് ബാൾ പ്രദർശന മത്സരം ജില്ലാ കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്യും. 16ന് വൈകിട്ട് 4 ന് നവ കേരള സ്ക്വയറിൽ നടക്കുന്ന സഹകാരി സംഗമം കേരള സംസ്ഥാന സഹകരണ ഓഡിറ്റ് ഡയറക്ടർ എ.എസ്.ഷെറിൻ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷനാകും. കേരള ബാങ്ക് ചീഫ് ജനറൽ മാനേജർ എ.ആർ.രമേഷ് വിഷയാവതരണം നടത്തും. വൈകിട്ട് 5ന് കായൽ ഘോഷയാത്ര ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. 17ന് രാവിലെ 10ന് അഖിലകേരള ചെസ് ടൂർണമെന്റ് .ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 ന് കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി കുടുംബശ്രീയുടെ നേതൃത്വത്തിൽ പായസ പാചക മത്സരം.വൈകിട്ട് 5ന് തൊടിയൂർ വെളുത്തമണലിൽ തൊടിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇശൽ സന്ധ്യ.18ന് വൈകിട്ട് 6ന് നവ കേരള സ്ത്രീ ശക്തി വിളംബര റാലി എച്ച് ആൻഡ് ജെ മാൾ ഗ്രൗണ്ടിൽ സംഗമിക്കും. സ്ത്രീ ശക്തി സംഗമം സംസ്കാരിക സദസ് എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ അദ്ധ്യക്ഷയാവും. ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ മുഖ്യാതിഥിയാകും. തുടർന്ന് പ്രസീത ചാലക്കുടി നയിക്കുന്ന സംഗീത പരിപാടി.