photo
കലമാനും ആട്ടിൻകുട്ടിയും ചത്തനിലയിൽ

കൊട്ടാരക്കര: പുത്തൂർ ആറ്റുവാശേരിയിൽ ആട്ടിൻകുട്ടിയെ കെട്ടിയ കയറിൽ കുരുങ്ങി കലമാനും ആട്ടിൻകുട്ടിയും ചത്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ആറ്റുവാശേരി തോട്ടപ്പള്ളി ഏലായ്ക്ക് സമീപത്തെ പുരയിടത്തിലായിരുന്നു സംഭവം. അഞ്ച് വയസ് തോന്നിക്കുന്ന 145 സെന്റി മീറ്റർ നീളമുള്ള മാനാണ് ചത്തത്. തോട്ടപ്പള്ളി തെങ്ങുവിള വടക്കതിൽ വിദ്യയുടെ വീട്ടിൽ വളർത്തുന്ന ആട്ടിൻകുട്ടിയെ സമീപത്തെ പറമ്പിലാണ് കെട്ടിയിരുന്നത്. മാസങ്ങളായി പ്രദേശത്ത് രണ്ട് മാനുകളെ നാട്ടുകാർ കണ്ടിരുന്നു. ഇതിൽ ആൺ മാനാണ് കയറിൽ കുരുങ്ങിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിൽ ആട്ടിൻകുട്ടിയുടെ ശരീരത്തിൽ മാനിന്റെ കൊമ്പുകൾ കൊണ്ട് മുറിവേറ്റിട്ടുമുണ്ട്. വിദ്യയുടെ മകൾ ആട്ടിൻകുട്ടിയെ അഴിക്കാനെത്തിയപ്പോഴാണ് സംഭവം കാണുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പുത്തൂർ പൊലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പുന്നല ഫോറസ്റ്റ് ഓഫീസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിൽസൺ ചാക്കോ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശ്യാംകുമാർ, എം.എസ്.രമ്യ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി മാനിനെ പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി.

കുറ്റിക്കാട്ടിൽ മാനും മറ്റ് മൃഗങ്ങളും
ആറ്റുവാശേരി തോട്ടപ്പള്ളി ഏലായ്ക്ക് സമീപത്തെ സ്വകാര്യ പറമ്പുകൾ കാടുമൂടിയിട്ട് ഏറെ നാളായി. ഇവിടെ രണ്ട് മാനുകൾ മാസങ്ങളായുണ്ട്. മയിലും കുരങ്ങും ചെന്നായയും വള്ളിപ്പൂച്ചയും മിക്കപ്പോഴും പ്രദേശത്ത് എത്താറുണ്ട്. വിഷപ്പാമ്പുകൾ ഉള്ളതിനാൽ കുറ്റിക്കാടിനകത്തേക്ക് ആരും പോകാറില്ല.