kkk
കഴിഞ്ഞദിവസംകല്ലട സൗഹൃദം കൂട്ടായ്മയുടെ സഹായത്താൽ നിർമ്മാണ ജോലികൾ ആരംഭിച്ചഷൈലജയുടെ വീട്

പടിഞ്ഞാറെ കല്ലട: ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാതെ വർഷങ്ങളായി മുട്ടുകാലിൽ ഇഴഞ്ഞു നീങ്ങുന്ന രണ്ടു മക്കളുമായി ദുരിത പൂർണമായ ജീവിതം തള്ളിനീക്കുന്ന വീട്ടമ്മയ്ക്ക് സഹായഹസ്തവുമായി കല്ലട സൗഹൃദം കൂട്ടായ്മ എത്തി. പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ തോപ്പിൽ കടവിന് സമീപം ഒറ്റ തയ്യിൽ വീട്ടിൽ ഷൈലജയുടെ ജന്മനാ മുട്ടുകാലിൽ ഇഴഞ്ഞു നീങ്ങുന്നതും പരസഹായം കൂടാതെ ജീവിക്കാൻ കഴിയാത്ത രണ്ടു മക്കളായ 35 കാരി വനജയുടെയും 30കാരൻ ശരത്തിന്റെയും ജീവിതകഥ ഒറ്റമുറി ഷെഡ്ഡിൽ വഴിമുട്ടി ജീവിതം നിരങ്ങി നീങ്ങുന്ന മക്കളുമായി ഒരമ്മ" എന്ന തലക്കെട്ടോടെ കേരളകൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് പല സുമനസുകളും ഇവർക്ക് ചെറിയ ചെറിയ സാമ്പത്തിക സഹായങ്ങൾ നൽകിയെങ്കിലും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞിട്ടില്ല.

സർക്കാരിൽ നിന്ന് നാല് ലക്ഷം

ആകെയുള്ള 3 സെന്റ് സ്ഥലത്ത് ഉണ്ടായിരുന്ന ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീടിന് പകരമായി പുതിയത് പണിയുവാൻ സർക്കാരിൽ നിന്ന് നാല് ലക്ഷം രൂപ അനുവദിച്ചിരുന്നു. അതിൽ നിന്ന് കിട്ടിയ രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് പഴയ വീട് പൊളിച്ചുമാറ്റിയ ശേഷം അവിടെ പുതിയ വീടിനുള്ള ഫൗണ്ടേഷൻ കെട്ടി മണ്ണിട്ട് നിറച്ചു. തുടർന്നുള്ള പണിക്കായി കുറച്ചു സിമന്റ് കട്ടകൾ കൂടി ഇറക്കിവച്ചിട്ടുണ്ട്.ചതുപ്പ് സ്ഥലമായതിനാൽ അകലെയുള്ള റോഡിൽ വാഹനത്തിൽ കൊണ്ടുവരുന്ന സാധനങ്ങൾതലച്ചുമടായി വേണം ഇവിടെ എത്തിക്കുവാൻ .ഈയൊരു കാരണത്താൽ തന്നെ ഇരട്ടിയിൽ അധികം തുക കൂലി ഇനത്തിൽ ചെലവാവുകയും ചെയ്യുന്നുണ്ട്.

സുമനസുകൾ വീടൊരുക്കും

ഇവർക്ക് കിട്ടുന്ന സാമൂഹ്യ സുരക്ഷ പെൻഷൻ തുകയ്ക്കൊപ്പം പലരിൽ നിന്നും കടം വാങ്ങിയും മറ്റുമാണ് മരുന്നും മറ്റു വീട്ടു ചെലവുകളും നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇവർ സഹായം അഭ്യർത്ഥിച്ച് കല്ലട സൗഹൃദം കൂട്ടായ്മയെ സമീപിച്ചത്. തുടർന്ന് ഭാരവാഹികൾ ഇവരുടെ താമസ സ്ഥലം സന്ദർശിച്ച്‌ ദുരിതങ്ങൾ നേരിൽ കണ്ട് മനസിലാക്കി. താമസ യോഗ്യമായ ഒരു വീട് സുമനസുകളുടെ സഹായത്താൽ എത്രയും വേഗം നിർമ്മിച്ച് നൽകാമെന്ന് ഇവർക്ക് ഉറപ്പ് നൽകി. വീടിന്റെ ശേഷിക്കുന്ന പണികൾ കരാറുകാരനെ ഏൽപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇതിന്റെ ജോലി ആരംഭിക്കുകയും രണ്ടു മാസങ്ങൾക്കുള്ളിൽ വീട് പണി പൂർത്തീകരിച്ച് ഇവർക്ക് നൽകുമെന്ന് കൂട്ടായ്മ പ്രസിഡന്റ് ചൂളത്തറ ശിവകുമാർ , സെക്രട്ടറി കിടങ്ങിൽ മഹേന്ദ്രൻ എന്നിവർ അറിയിച്ചു.