കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ സാഹിത്യ വിമർശകൻ കെ.പി.അപ്പന്റെ 15-ാമത് ചരമ വാർഷിക ദിനാചരണം 15 ന് നടക്കും. ഇതോടനുബന്ധി​ച്ച് ഗ്രാമദീപം തെളിക്കൽ, സ്മൃതി സംഗമം, അപ്പൻ കൃതികളുടെ പ്രദർശനം, സമ്പൂർണ കൃതികളുടെ പ്രകാശനം എന്നിവയുണ്ടാവും.
രാവിലെ 10 ന് ഗ്രന്ഥശാല മുറ്റത്തെ കൽവിളക്കിൽ ഗ്രാമദീപം തെളിക്കുന്നതോടെ ചടങ്ങുകൾ ആരംഭി​ക്കും. തുടർന്ന് കെ.പി.അപ്പൻ കൃതികളുടെ പ്രദർശനം രവി ഡി.സി ഉദ്ഘാടനം ചെയ്യും. തുടർന്ന് 10.30 ന് കെ.പി.അപ്പൻ സ്മാരക നവശക്തി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ, ശിഷ്യർ, ഗ്രന്ഥശാല പ്രവർത്തകർ എന്നിവർ ഒത്തുചേരുന്ന അപ്പൻ സ്മൃതി സംഗമം സി.പി.എം. പി.ബി അംഗവും ശിഷ്യനുമായ എം.എ.ബേബി ഉദ്ഘാടനം ചെയ്യും. ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന സമ്പൂർണ അപ്പൻ കൃതി കഥാകൃത്ത് വി.ആർ. സുധീഷിന് നൽകി എം.എ.ബേബി പ്രകാശനം ചെയ്യും. സമ്പൂർണ കൃതികളുടെ എഡിറ്റർ ഡോ.പി.കെ.രാജശേഖരൻ, വി.ആർ. സുധീഷ്, ഡോ.എസ്.ശ്രീനിവാസൻ, പ്രൊഫ. കെ.ജയരാജൻ, പ്രൊഫ. ലൈല പുരുഷോത്തമൻ, പ്രൊഫ.സി.ശശിധരക്കുറുപ്പ്, ഡോ.എസ്.നസീബ്, കെ.പി.നന്ദകുമാർ, ഡോ.എം.എസ്.നൗഫൽ, ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ, ഡോ.എസ്.നൗഷാദ് എന്നിവർ സംസാരി​ക്കും. സമ്പൂർണ കൃതികളുടെ പ്രസാധകനും സംസ്ഥാന സർക്കാരിന്റെ കേരളശ്രീ പുരസ്‌കാര ജേതാവുമായ രവി ഡി.സി, കെ.പി.അപ്പൻ നിഷേധിയും മഹർഷിയും എന്ന ജീവചരിത്ര കൃതിയുടെ രചയിതാവും നിരൂപകനും ശിഷ്യനുമായ ഡോ.പ്രസന്ന രാജൻ, കെ.പി.അപ്പന്റെ സാഹിത്യ ദർശനങ്ങളെക്കുറിച്ചുള്ള പഠനത്തിന് കേരള സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. സിസ്റ്റർ സി​.ജെ. ബെൻസി എന്നിവർക്ക് ഗ്രന്ഥശാലയുടെ സ്‌നേഹോപഹാരം എം.എ.ബേബി സമ്മാനി​ക്കും. ചടങ്ങിൽ ഗ്രന്ഥശാലാ പ്രസിഡന്റ് ബേബി ഭാസ്‌കർ അദ്ധ്യക്ഷനാകും.