കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിലെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ നിന്നു തിരിയാൻ ഇടമില്ലാതെ നട്ടം തിരിയുകയാണ് ജീവനക്കാർ. ഓഫീസ് പ്രവർത്തനത്തിനും ജീവനക്കാർക്കുമായി ഒരു കുടുസ് മുറിയാണുള്ളത്.പഞ്ചായത്തിന്റെ ടൂറിസ്റ്റ് ബംഗ്ലാവിൽ ആണ് ഇപ്പോൾ കെ.എസ്.ഇ.ബി ഓഫീസിന്റെ പ്രവർത്തനം.ഏതുനിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലുള്ള കെട്ടിടത്തിനുള്ളിൽ ജീവൻ പണയപ്പെടുത്തിയാണ് ജീവനക്കാർ കഴിയുന്നത്. അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മുപ്പതോളം ജീവനക്കാരും ആറ് കരാർ വേതന തൊഴിലാളികളും ഇവിടെ ജോലി നോക്കി വരുന്നു. ഇതിൽ നാലുപേർ ദിനംപ്രതി രാത്രികാല ഡ്യൂട്ടിക്കുണ്ട്.പ്രാഥമിക സൗകര്യത്തിനായി നിർമ്മിച്ച ശുചിമുറി വൃത്തിഹീനമായി അടുക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഓഫീസിന്റെ ചുറ്റുവശവും ആകെ കാടുകൾ വളർന്ന് ഇഴജന്തുക്കളുടെ താവളമായി മാറി.

ചുവപ്പുനാടയിൽ കുരുങ്ങി സ്വന്തം ഭൂമി

കുളത്തൂപ്പുഴ ടൗണിൽ പൊതുമരാമത്ത് വക സ്ഥലത്തിനോട് ചേർന്ന് 19 സെന്റ് സ്ഥലം കെ.എസ്.ഇ.ബിക്കായി അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും വകുപ്പുതല തർക്കത്തെ തുടർന്ന് ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. ഏഴുവർഷമായി നിലവിലെ അസിസ്റ്റന്റ് എൻജിനീയർ വിശാഖ് കെ.എസ്.ഇ.ബിക്ക് സ്വന്തം കെട്ടിടം എന്ന ആവശ്യവുമായി കയറിയിറങ്ങാത്ത വകുപ്പുതല ഓഫീസുകളില്ല. സമീപകാലത്ത് കെട്ടിടത്തിലെ ജനൽ ചില്ല് തകർന്നുവീണ് ജീവനക്കാരന് സാരമായി മുറിവേറ്റിരുന്നു കോൺക്രീറ്റ് പാളികൾ അടിക്കടി അടർന്നുവീണു പല വാഹനങ്ങൾക്കും കേടുപാടുകളും സംഭവിച്ചിരുന്നു.

മറ്റൊരു കെട്ടിടത്തിലേക്ക്

ഈ കെട്ടിടത്തിൽ നിന്നും ഒഴിഞ്ഞ് മറ്റൊരു കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുന്നതിനായി ടൗണിൽ ഇരുനില കെട്ടിടം വാടകയ്ക്ക് എടുത്തിരുന്നു. എന്നാൽ പി.ഡബ്ല്യു.ഡി നിരക്കിനേക്കാൾ വർദ്ധിച്ച നിരക്ക് കെട്ടിട ഉടമ ആവശ്യപ്പെട്ടതിനാൽ ഇലക്ട്രിസിറ്റി ഫുൾ ബോർഡിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. 16 ഏക്കറിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സെക്ഷൻ ഓഫീസ് കെട്ടിടം 2012 ൽ സ്ഥല പരിമിതിയെ തുടർന്നാണ് പഞ്ചായത്ത് വക ടൂറിസ്റ്റ് ബംഗ്ലാവിലേക്ക് മാറ്റി സ്ഥാപിച്ചത്.

പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിൽ സർവീസ് സഹകരണ ബാങ്കിന് വാടകയ്ക്ക് കൊടുത്ത മുറികൾ കെ.എസ്.ഇ.ബി ഓഫീസിനായി പി.ഡബ്ല്യു.ഡി നിരക്ക് അനുസരിച്ചുള്ള വാടകയ്ക്ക് നൽകാമെന്ന് പഞ്ചായത്ത് തീരുമാനമെടുത്ത് കെ.എസ്.ഇ.ബിയെ അറിയിച്ചിട്ടുണ്ട്.

പി. ലൈല ബീവി പ്രസിഡന്റ്