കൊല്ലം: പഴവൂർ ജംഗ്ഷനിലെ ഗുരുമന്ദിരത്തിൽ നിന്ന് കാണിക്കവഞ്ചി മോഷ്ടിച്ച കേസിൽ സ്ഥിരം മോഷ്ടക്കളായ മൂന്നുപേർ പിടിയിൽ. തങ്കശേരി സി.വി.എം.എസ് നഗർ ഇസ്താക്കി പറമ്പിൽ വീട്ടിൽ ജോയി (49), കരിക്കോട് ടി.കെ.എം.സി പുതുവീട്ടിൽ തറ കരിമ്പാലിൽ തെക്കതിൽ ഉല്ലാസ് ജോഷി (39), ആശ്രമം ഇ.എസ്.ഐ പുതുവൽ പുരയിടം കീർത്തിനഗറിൽ ഷിജു (44) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. മരുത്തടി സെൻട്രൽ ബാങ്കിന് സമീപം പൊലീസ് പട്രോളിംഗ് സംഘം സംശയാസ്പദമായി പ്രതികളെ കാണുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷണമുതലുമായി പ്രതികൾ പിടിയിലാവുകയുമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കല്ലുംപുറം ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് കവർച്ച നടത്തിയത് ജോയി ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. എസ്.ഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ പട്രോളിംഗ് നടത്തിയിരുന്ന എ.എസ്.ഐ ക്രിസ്റ്റി, എസ്.സി.പി.ഒമാരായ അബുതാഹിർ, ബിജു, സി.പി.ഒമാരായ ശ്രീകാന്ത്, രാഹുൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.