കൊല്ലം: സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നര മാസം ബാക്കി നിൽക്കെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ പൂർത്തിയാക്കാൻ ബാക്കി നിൽക്കുന്നത് 433.53 കോടിയുടെ പദ്ധതി.

സംസ്ഥാന സർക്കാരിൽ നിന്ന് പദ്ധതി വിഹിതത്തിന്റെ രണ്ടാം ഗഡു കിട്ടാൻ വൈകിയത് പദ്ധതി നിർവഹണത്തെ ബാധിച്ചിരുന്നു. അതിന് പുറമേ കഴിഞ്ഞ മാസങ്ങളിൽ തുടർച്ചയായി പെയ്ത മഴയും നിർമ്മാണ പ്രവൃത്തികളെ ബാധിച്ചു.

കഴിഞ്ഞ വർഷം ഇതേസമയം സംസ്ഥാനതലത്തിൽ 28.35 % ആയിരുന്നു പദ്ധതി ചെലവ്. എന്നാൽ ഇന്നലത്തെ കണക്ക് പ്രകാരം 26.40 ശതമാനമാണ് ഈ വർഷത്തെ ചെലവ്. ജില്ലയിലെ പദ്ധതി ചെലവും കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ അൽപ്പം പിന്നിലാണ്. ഈ മാസം അവസാനത്തോടെ പദ്ധതി നിർവഹണം വേഗത്തിലാകുമെന്നാണ് ജില്ലാ ആസൂത്രണ സമിതിയുടെ പ്രതീക്ഷ. പൂർത്തിയാകാത്ത ബില്ലുകൾ മാറി ലഭിക്കാത്തതിനാൽ പല തദ്ദേശ സ്ഥാപനങ്ങളുടെയും നിർമ്മാണ പ്രവൃത്തികളുടെ കരാറിൽ നിന്ന് കരാറുകാർ വിട്ടുനിൽക്കുന്ന അവസ്ഥയുമുണ്ട്. കരാറായ പ്രവൃത്തികൾ പലതും ആരംഭിക്കുന്നതുമില്ല.

എട്ടര മാസം പിന്നിട്ടും ഒരു തദ്ദേശ സ്ഥാപനം പോലും പദ്ധതി ചെലവ് അമ്പത് ശതമാനം പിന്നിട്ടിട്ടില്ല. പത്ത് തദ്ദേശ സ്ഥാപനങ്ങൾ മാത്രമാണ് 40 ശതമാനം കടന്നത്.

പൂതക്കുളം പഞ്ചായത്ത് മുന്നിൽ

43.78 ശതമാനം പദ്ധതി തുക ചെലവിട്ട് പൂതക്കുളം പഞ്ചായത്താണ് ജില്ലയിൽ ഏറ്റവും മുന്നിൽ. 20.05 ശതമാനം മാത്രം ചെലവിട്ട നെടുമ്പനയാണ് ഏറ്റവും പിന്നിൽ. 97.22 കോടിയുടെ വാർഷിക പദ്ധതിയുള്ള കൊല്ലം കോർപ്പറേഷന്റെ ഇതുവരെയുള്ള ചെലവ് 22.66 മാത്രമാണ്. ജില്ലാ പഞ്ചായത്ത് 28.1 ശതമാനം ചെലവിട്ടു.

ജില്ലയുടെ ആകെ പദ്ധതി തുക ₹ 609.9 കോടി

ചെലവിടാനുള്ളത് ₹ 433.53 കോടി

പദ്ധതി ചെലവ്: 28.92 %

കൊല്ലം കോർപ്പറേഷൻ: 22.66 %

ജില്ലാ പഞ്ചായത്ത്: 28.1 %