ചവറ : പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് നിർണായക പങ്കു വഹിക്കുന്ന കുടിപ്പള്ളി കൂടം ആശാന്മാരുടെ വേതനം വർദ്ധിപ്പിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. അഖില കേരള കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്) ആശാൻ അസോസിയേഷന്റെ 41-ാം സംസ്ഥാന സമ്മേളനം എസ്.എൻ.ഡി.പി യോഗം ചവറ യൂണിയൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത സാമ്പത്തിക വർഷമെങ്കിലും വേതനം 5000 രൂപയാ ക്കണം. അക്ഷരജ്ഞാനവും അവശ്യമായ അറിവും പിഞ്ചുകുഞ്ഞുങ്ങൾക്ക് പകർന്നു നൽകുന്ന ആശാന്മാർ നടത്തുന്നത് ഏറ്റവും വലിയ സാമൂഹിക സേവനമാണ്. രക്ഷാധികാരി ചവറ സുരേന്ദ്രൻപിള്ള അദ്ധ്യക്ഷനായി. ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം സി.പി.സുധീഷ് കുമാർ, ചവറ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ചവറ പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ.സുരേഷ് കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിസന്റ് പി.ആർ. ജയപ്രകാശ്, ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം വെറ്റമുക്ക് സോമൻ , ഇടക്കുളങ്ങര തുളസി എന്നിവർ സംസാരിച്ചു. ഭാഷാ പഠനവും കുടിപ്പള്ളിക്കൂടങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാർ കേരള ശബ്ദം എഡിറ്റർ ആർ.പവിത്രൻ ഉദ്ഘാടനം ചെയ്തു. കുരീപ്പുഴ ഫ്രാൻസിസ്, രാജീവ്ഡി. പരിമണം (ദീപിക), ഉണ്ണി വി.ജെ.നായർ (മംഗളം) എന്നിവർ സംസാരിച്ചു. മുതിർന്ന ആശാന്മാരെ സമ്മേളനത്തിൽ ആദരിച്ചു. സംസ്ഥാന സെക്രട്ടറി ഓച്ചിറ ടി.ഗംഗാദേവി, ട്രഷറർ എം. പ്രീത, സഫിയ എന്നിവർ പങ്കെടുത്തു.