കൊല്ലം: കല്ലുവാതുക്കലിൽ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസിൽ കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതിയിൽ ഇന്ന് വിചാരണ തുടങ്ങും.
2021 ജനുവരി 5ന് പുലർച്ചെയാണ് നവജാത ശിശുവായ ആൺകുഞ്ഞിനെ പൊക്കിൾകൊടി മുറിച്ചുമാറ്റാത്ത നിലയിൽ കേസിലെ പ്രതിയായ കല്ലുവാതുക്കൽ ഈഴായ്‌ക്കോട് പേഴുവിള വീട്ടിൽ രേഷ്മയുടെ വീടിന്റെ പിന്നിലെ റബർ തോട്ടത്തിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ കൊല്ലം ഗവ. ആശുപത്രിയിലും തിരുവനന്തപുരം എസ്.എ.ടി. ആശുപ്രതിയിലും പ്രവേശിപ്പിച്ചെങ്കിലും അന്ന് വൈകിട്ട് മരിച്ചു.

നാടകീയത നിറഞ്ഞ നിഷ്ഠൂര സംഭവം

വിഷ്ണു, രേഷ്മ ദമ്പതികൾക്ക് മൂന്ന് വയസുള്ള ഒരു പെൺകുട്ടിയുണ്ടായിരുന്നു. രണ്ടാമത് ഒരു കുട്ടി കൂടി ഉണ്ടായാൽ സ്വീകരിക്കില്ലെന്ന് രേഷ്മയുടെ ഫേസ്ബുക്ക് കാമുകൻ പറഞ്ഞു. ഇതോടെ രണ്ടാമത് ഗർഭിണിയായ വിവരം രേഷ്മ ഭർത്താവ് അടക്കമുള്ള ബന്ധുക്കളിൽ നിന്ന് മറച്ചുവച്ചു. 2021 ജനുവരി നാലിന് രാത്രി ഒൻപതിന് വീടിന് പുറത്തെ കുളിമുറിയിൽ ആൺകുട്ടിയെ പ്രസവിച്ച രേഷ്മ പൊക്കിൾ കൊടി പോലും മുറിച്ചുമാറ്റാതെ കുഞ്ഞിനെ കുളിമുറിക്ക് സമീപത്തെ റബർ തോട്ടത്തിലെ കരിയിലകൾ കൂട്ടിയിട്ടിരുന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം പ്രസവിച്ച കുളിമുറി കഴുകി വൃത്തിയാക്കി ഭർത്താവിനൊപ്പം കിടന്നുറങ്ങുകയും ചെയ്തു.

കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം നാട്ടുകാരോടും പൊലീസിനോടും ഭാവവ്യത്യാസമില്ലാതെയായിരുന്നു രേഷ്മയുടെ ഇടപെടൽ. നാടാകെ പരിശോധന നടത്തിയിട്ടും കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനായില്ല. ഇതോടെ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പുരയിടത്തോട് ചേർന്നുള്ള വീട്ടിലെ രേഷ്മയെയും മറ്റ് കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ചോദ്യം ചെയ്യലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് തന്റെ കുഞ്ഞാണെന്ന് രേഷ്മ സമ്മതിച്ചു. അതിന് പിന്നാലെ രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യ ആര്യയും സഹോദരി പുത്രി ഗ്രീഷ്മയും ഇത്തിക്കര ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കാമുകനെന്ന പേരിൽ രേഷ്മയോട് ഫോണിൽ ചാറ്റ് ചെയ്തത് ആര്യയും ഗ്രീഷ്മയും ആയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. രേഷ്മ കുറ്റം സമ്മതിച്ചതിന് പിന്നാലെ കുഞ്ഞ് അവരുടേത് തന്നെയെന്ന ഡി.എൻ.എ ഫലവും വന്നു. മരിച്ചുപോകണമെന്ന ഉദ്ദേശത്തോടെ നവജാത ശിശുവിനെ ഉപേക്ഷിക്കൽ, കരുതിക്കൂട്ടിയുള്ള കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീകുറ്റങ്ങളാണ് രേഷ്മയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. രേഷ്മയുടെ ഭർത്താവ് വിഷ്ണു ഉൾപ്പെടെ 54 സാക്ഷികളുള്ള കേസിൽ പ്രോസിക്യൂഷന് വേണ്ടി സിസിൻ.ജി.മുണ്ടയ്ക്കൽ, അഡ്വ. ചേതന.ടി.കർമ്മ എന്നിവർ ഹാജരാകും. പാരിപ്പള്ളി പൊലീസ് എസ്.ഐമാരായ എൻ.അനീസ, ജി.ജയിംസ്, ഇൻസ്‌പെക്ടർമാരായ എസ്.രൂപേഷ് രാജ്, സതികുമാർ, അൽജബർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.