ചാത്തന്നൂർ: നവകേരള സദസിനായി 50,000 രൂപ നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ചാത്തന്നൂർ പഞ്ചായത്ത് കമ്മിറ്റിയിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ ചേരിതിരിഞ്ഞു. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി കമ്മിറ്റി തടസപ്പെടുത്തി. ഇതോടെ അജണ്ട മാറ്റിവച്ചു.
കഴിഞ്ഞ ദിവസത്തെ അജണ്ടയിൽ കൊണ്ടുവന്ന വിഷയം ഇന്നലെ നടന്ന കമ്മിറ്റിയിൽ അവസാനത്തെ അജണ്ടയായി വീണ്ടും രേഖപ്പെടുത്തിയതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. പഞ്ചായത്ത് ഹാൾ ഉപരോധിച്ചു കൊണ്ട് പ്രതിഷേധം ശക്തമാക്കിയതോടെ അജണ്ട കമ്മിറ്റിയിൽ ചർച്ചയ്ക്ക് എടുക്കാതെ മാറ്റി വയ്ക്കുകയായിരുന്നു. ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ആർ. സന്തോഷ്, കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ഇക്ബാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രമോദ്, ഷൈനി ജോയ്, ലീലാമ്മ ചാക്കോ, ഇന്ദിര, ബീനരാജൻ, ശരത്ചന്ദ്രൻ, മീരഉണ്ണി എന്നിവർ ഉപരോധ സമരത്തിൽ പങ്കെടുത്തു.