
കൊല്ലം: പൂയപ്പള്ളിയിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുമായി അന്വേഷണസംഘം ഇന്നലെ കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കുഞ്ഞിനെ ആശ്രാമത്ത് ഉപേക്ഷിച്ച ചാത്തന്നൂർ മാമ്പള്ളിക്കുന്നം സ്വദേശി അനിതകുമാരി, ഭർത്താവ് പത്മകുമാർ എന്നിവരെ എത്തിച്ചായിരുന്നു തെളിവെടുപ്പ്.
തട്ടിക്കൊണ്ട് പോയതിന്റെ തൊട്ടടുത്ത ദിവസം അനിതകുമാരിയാണ് കുഞ്ഞിനെ ആശ്രാമത്ത് ഉപേക്ഷിച്ചത്. കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം ലിങ്ക് റോഡ് വരെ കാറിലെത്തിയ ശേഷം അനിതകുമാരി ഓട്ടോറിക്ഷയിൽ കയറിയാണ് കുഞ്ഞിനെ ആശ്രാമത്ത് എത്തിച്ചത്. ഈ സമയം മകൾ അനുപമ കാറിൽ തന്നെയിരുന്നു. പിന്നീട് പത്മകുമാർ മറ്റൊരു ഓട്ടോറിക്ഷയിൽ കുഞ്ഞിനെ ഉപേക്ഷിച്ചതിന്റെ അല്പം അകലെയെത്തി. തുടർന്ന് അനിതകുമാരിയും ഒന്നിച്ച് മറ്റൊരു ഓട്ടോറിക്ഷയിൽ കയറി കൊല്ലം ബിഷപ്പ് ജെറോം നഗറിലെത്തി. പിന്നീട് പത്മകുമാർ ഒറ്രയ്ക്ക് മറ്റൊരു ഓട്ടോറിക്ഷയിൽ കയറി ലിങ്ക് റോഡിലെത്തി കാറിൽ മകളുമായി ബിഷപ്പ് ജെറോം നഗറിലെത്തി. തുടർന്ന് ഇവർ ഭക്ഷണം കഴിച്ച ജെറോം നഗറിലെ ഹോട്ടലിലും തെളിവെടുപ്പ് നടത്തി.
തട്ടിക്കൊണ്ടുപോകലിന് 15 ദിവസം മുമ്പ് പള്ളിമുക്കിലെ സ്ഥാപനത്തിൽ നിന്നാണ് തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിൽ പതിക്കാൻ രണ്ട് വീതം നാല് വ്യാജ നമ്പർ പ്ലേറ്റ് വാങ്ങിയത്. അവിടെയും ആ സ്ഥാപനത്തിന് നമ്പർ പ്ലേറ്റുകൾ നിർമ്മിച്ച് നൽകിയ പഴയാറ്റിൻകുഴിയിലെ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. നമ്പർ പ്ലേറ്റ് നശിപ്പിക്കാൻ ഉപയോഗിച്ച കട്ടിംഗ് മെഷീൻ ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തെ വീട്ടിലെത്തിച്ച് കണ്ടെടുത്തു. തുടർന്ന് ചിറക്കരയിലെ ഫാമിൽ എത്തിച്ച് നമ്പർ പ്ലേറ്റ് നശിപ്പിച്ചതിന്റെ തെളിവുകൾ ശേഖരിച്ചു. പ്രതികളുമായി ആര്യങ്കാവിൽ നടത്തിയ തെരിച്ചലിൽ തമിഴ്നാട്ടിലേക്ക് രക്ഷപെടുന്നതിനിടയിൽ ചെറിയ കക്ഷണങ്ങളാക്കി ഉപേക്ഷിച്ച നമ്പർ പ്ലേറ്റിന്റെ ഒരുഭാഗവും കണ്ടെത്തി. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം.ജോസിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.