കൊല്ലം: സുരക്ഷിത ഭക്ഷണത്തിന് ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റ് ലഭിച്ച 114 റെയിൽവേ സ്‌റ്റേഷനുകളുടെ പട്ടികയിൽ ജില്ലയിലെ രണ്ട് റെയിൽവേ സ്‌റ്റേഷനുകളും.
കൊല്ലം, കരുനാഗപ്പള്ളി റെയിൽവേ സ്‌റ്റേഷനുകളാണ് സർട്ടിഫിക്കറ്റ് ലഭിച്ച സ്‌റ്റേഷനുകൾ. ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഒഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) ആണ് റേറ്റിംഗ് നൽകുന്നത്.
സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ 114 റെയിൽവേ സ്‌റ്റേഷനുകളിൽ 21 റെയിൽവേ സ്‌റ്റേഷനുകൾ കേരളത്തിൽ നിന്നുള്ളതാണ്.
സ്‌റ്റേഷനുകളിലെത്തുന്ന യാത്രക്കാർക്ക് ശുചിത്വത്തോടെ ഭക്ഷണം നൽകുക, ഉയർന്ന നിലവാരമുള്ളതും പോഷകഗുണമുള്ളതുമായ ഭക്ഷണം വിതരണം ചെയ്യുക, എന്നിവയോടൊപ്പം സ്റ്റേഷനുകളിലെ കാറ്ററിംഗ് യൂണിറ്റ്, സ്റ്റാളുകൾ, കുടിവെള്ളം, ശുചിത്വം, മാലിന്യ സംസ്‌കരണം, രജിസ്റ്റർ സൂക്ഷിക്കൽ, ഉപയോഗിക്കുന്ന ആഹാരവസ്തുക്കളുടെ ഗുണമേന്മ എന്നിവ പരിശോധിച്ചാണ് ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റ് നൽകുക.
രണ്ടുവർഷത്തേക്കാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. വർക്കല, തിരുവനന്തപുരം,ആലപ്പുഴ, തൃശൂർ,കോട്ടയം,കോഴിക്കോട്,കണ്ണൂർ, ഉൾപ്പെടെയുള്ള 21 സ്‌റ്റേഷനുകളാണ് ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത്.