കൊട്ടാരക്കര: ബൈക്കിലെത്തിയ യുവാക്കൾ വീട്ടമ്മയുടെ സ്വർണമാല കവർന്നു. നീലേശ്വരം മുക്കോണിമുക്ക് തോട്ടത്തിൽ വീട്ടിൽ സരസ്വതി അമ്മ(78)യുടെ രണ്ടര പവന്റെ മാലയാണ് കവർന്നത്. ഇന്നലെ വൈകിട്ട് 4ന് മുക്കോണിമുക്ക് ജംഗ്ഷന് സമീപമാണ് സംഭവം. മകളുടെ വീട്ടിലേക്കുള്ള ഇടറോഡിൽക്കൂടി നടക്കുമ്പോഴാണ് എതിർദിശയിൽ നിന്നുവന്ന ബൈക്ക് സരസ്വതി അമ്മയുടെ അടുക്കലേക്ക് ചേർത്ത് നിറുത്തി വഴി ചോദിച്ചതും മാലപൊട്ടിച്ചതും. ഹെൽമറ്റ് ധരിക്കാത്ത രണ്ടുപേരാണ് ബൈക്കിൽ ഉണ്ടായിരുന്നത്. ബൈക്ക് ഓടിച്ചയാൾക്ക് മാസ്ക് ഉണ്ടായിരുന്നു. മാലപൊട്ടിക്കാനുള്ള ശ്രമമാണെന്ന് തോന്നിയപ്പോൾ സരസ്വതിയമ്മ മാലയിൽ മുറുക്കെപ്പിടിച്ചു. തുടർന്ന് തള്ളിയിട്ടിട്ടാണ് മാല പൊട്ടിച്ച് അക്രമികൾ വിട്ടുപോയത്. മാലയിലെ താലി സരസ്വതി അമ്മയുടെ കൈപ്പിടിയിൽ കിട്ടി. വീഴ്ചയിൽ കൈക്ക് പരിക്കേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. നഗരസഭ മുൻ വൈസ് ചെയർമാൻ ഡി.രാമകൃഷ്ണപിള്ളയുടെ സഹോദരിയാണ് പരിക്കേറ്റ സരസ്വതിയമ്മ. കൊട്ടാരക്കര പൊലീസ് കേസെടുത്തു.