പുനലൂർ : നഗരസഭയിലെ മിനിറ്റ്സ് ബുക്ക് തിരുത്തിയെന്ന പരാതിയെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ യു.ഡി.എഫ് കൗൺസിലർമാരുടെമൊഴി ഉദ്യേഗസ്ഥർ രേഖപ്പെടുത്തി. നഗരസഭ കാര്യാലയത്തിൽ ഇന്നലെ രാവിലെ 11 ന് ആരംഭിച്ച മൊഴിയെടുക്കൽ വൈകിട്ട് 6 .30 ഓടെയാണ് അവസാനിച്ചത്
ആഭ്യന്തര വിജിലൻസ് ഓഫീസറും നഗരകാര്യ അസിസ്റ്റന്റ് ഡയറക്ടറുമായ കെ.ആർ. ലാൽ കുമാർ , സൂപ്രണ്ട് പ്രവീൺകുമാർ, അനുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണത്തിനും മൊഴിയെടുക്കലിനും നേതൃത്വം നൽകിയത്.
യു.ഡി.എഫ് അംഗങ്ങൾ ഉന്നയിച്ച 22 വിഷയങ്ങളുടെ ഫയലുകളും സംഘം പ്രാഥമിക പരിശോധന നടത്തി. പരാതിയുമായി ബന്ധപ്പെട്ട ഓരോ വിഭാഗത്തിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് തെളിവുകൾ ശേഖരിച്ചതും ഫയലുകൾ പരിശോധന നടത്തിയതും മൊഴികൾ രേഖപ്പെടുത്തിയതും.
22 വിഷയങ്ങൾ ഉള്ളതിൽ 19 എണ്ണത്തിൽ കാതലായ പ്രശ്നങ്ങൾ ഉണ്ടെന്ന് വിജിലൻ സംഘത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതായി മൊഴിയെടുക്കലിന് ശേഷം പ്രതിപക്ഷ നേതാവ് ജി .ജയപ്രകാശിന്റെ നേതൃത്വത്തിലുളള അംഗങ്ങൾ അഭിപ്രായപ്പെട്ടു.
നഗരസഭയുടെ ഓണം ഫെസ്റ്റിനോട് അനുബന്ധിച്ച് വ്യാജമായി അക്കൗണ്ട് ആരംഭിച്ചതടക്കം വിവിധ സാമ്പത്തിക ഇടപാടുകളും മറ്റും നടത്തിയത് സംബന്ധിച്ച് രേഖകൾ യു.ഡി.എഫ് അംഗങ്ങൾ വിജിലൻസ് സംഘത്തിന് കൈമാറിയതായി പ്രതിപക്ഷ നേതാവ് അറിയിച്ചു.