
പരവൂർ: പരവൂർ നഗരസഭയെയും മയ്യനാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പരവൂർ- മയ്യനാട് പാലത്തിനായുള്ള നാടിന്റെ കാത്തിരിപ്പ് നീളുന്നു.
പരവൂരിൽ നിന്നു മയ്യനാട്ടേക്ക് നിലവിൽ രണ്ട് റൂട്ടുകളാണുള്ളത്. ദേശീയപാത 66 ൽ തിരുമുക്ക് വഴിയും ബീച്ച് റോഡ് വഴി താന്നി പാലം കടന്നുള്ള പാതയുമാണ് ഇവ. പരവൂർ കുറുമണ്ടൽ ധർമ്മ ശാസ്ത ക്ഷേത്രത്തിന് സമാന്തരമായുള്ള റോഡും മറുകരയിൽ മയ്യനാട് പുല്ലിച്ചിറയിൽ നിന്നു കക്കോട്ടു മൂലയിൽ അവസാനിക്കുന്ന റോഡും ബന്ധിപ്പിച്ച് റെയിൽവേ പാലത്തിന് സമാന്തരമായി പുതിയൊരു പാലം യാഥാർത്ഥ്യമായാൽ യാത്രാസമയവും ചെലവും ലാഭിക്കാം. അക്കരെയും ഇക്കരെയും അപ്പ്രോച്ച് റോഡുള്ളതിനാൽ പാലം പൂർത്തിയായ ശേഷം അപ്രോച്ച് റോഡ് നവീകരിച്ചാൽ മതിയാവും. .പരവൂർ - മയ്യനാട് പാലം യാഥാർത്ഥ്യമായാൽ പരവൂരിൽ നിന്ന് കൊല്ലത്തേക്കും മയ്യനാട്ട് നിന്ന് വർക്കല വഴി തിരുവനന്തപുരത്തേക്കും 10 കിലോമീറ്ററോളം ലാഭിക്കാനാവും.
വിനോദ സഞ്ചാരത്തിന് ഏറെ സാദ്ധ്യതയുള്ള മേഖലയാണിത്. സി.വി. പത്മരാജൻ മന്ത്രിയായിരുന്നപ്പോഴാണ് പാലമെന്ന ആശയമുണ്ടായത്. എന്നാൽ പിന്നീട് വേണ്ടത്ര ഇടപെടലുകൾ ഇല്ലാതായതോടെ ആശയം വിസ്‌മൃതിയിലായി.
പരവൂർ- മയ്യനാട് പാലം യഥാർത്ഥ്യമായാൽ പാരിപ്പള്ളി മുതൽ കൊല്ലം വരെയുള്ള ദേശീയപാതയിൽ തിരക്ക് കുറയും. പരവൂരിലെ ടൂറിസം വികസനത്തിന് ഈ പദ്ധതി വളരെ പ്രയോജനപ്പെടും
പരവൂർ സജീബ്, കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ്, പരവൂർ നഗരസഭ മുൻ കൗൺസിലർ