
തെരുവ് വിളക്കുകൾ പ്രകാശിക്കാതായിട്ട് മാസങ്ങൾ
അഞ്ചാലുംമൂട്: ദേശീയപാത ആറ് വരി നിർമ്മാണവുമായി ബന്ധപ്പെട്ട് കൊല്ലം ബൈപ്പാസിലെ തെരുവ് വിളക്കുകൾ കത്താതായയോടെ ബൈപ്പാസിലെ രാത്രികാല യാത്രകൾ അപകടക്കെണിയാകുന്നു. ബൈപ്പാസ് കടന്ന് പോകുന്ന ആൽത്തറമൂട് മുതൽ മേവറം വരെയുള്ള ഭാഗങ്ങൾ നിലവിൽ ഇരുട്ടിലാണ്. മാസങ്ങൾക്കിടയിൽ 30ൽ അധികം അപകടങ്ങളാണ് ഇവിടെ നടന്നത്. കോട്ടയ്ക്കകം സ്വദേശിയായ യുവാവിന് അപകടത്തിൽ ജീവൻ നഷ്ടമാകുകയും ചെയ്തിരുന്നു.
അപകടങ്ങൾ വർദ്ധിച്ചതോടെ ബൈപ്പാസിലെ ഹൈമാസറ്റ് വിളക്കുകളെങ്കിലും പ്രകാശിപ്പിക്കണമെന്ന് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയില്ല.
ബൈപ്പാസിലെ പ്രധാന ജംഗ്ഷനുകളായ കല്ലുംതാഴം, മങ്ങാട്, ഒറ്റക്കല്ല് സിഗ്നൽ ജംഗഷ്ൻ, കടവൂർ, നീരാവിൽ, കുരീപ്പുഴ,കാവനാട്, ആൽത്തറമൂട്, മങ്ങാട് കടവൂർ പാലം, നീരാവിൽ പാലം, കുരീപ്പുഴ കാവനാട് പാലം എന്നിവിടങ്ങളിലാണ് അപകടങ്ങളേറെയും നടക്കുന്നത്. ജീവൻ പണയംവെച്ചാണ് ഇരുചക്രവാഹന യാത്രക്കാർ രാത്രിയിൽ ബൈപ്പാസിലെ പാലങ്ങളിലൂടെ യാത്ര ചെയ്യുന്നത്. ബൈപ്പാസ് തുറന്ന 2019 മുതൽ ഏറ്റവും കൂടുതൽ അപകടം നടന്നത് ഒറ്റക്കല്ല്, പള്ളിവേട്ടച്ചിറ, ഭാഗങ്ങളിലാണ്. 20ൽ അധികം പോക്കറ്റ് റോഡുകളാണ് ആൽത്തറമൂട് മുതൽ കല്ലുംതാഴം വരെയുള്ളത്. വെളിച്ചമില്ലാത്തതിനാൽ പോക്കറ്റ് റോഡിൽ നിന്ന് ബൈപ്പാസിലേക്ക് ഇറങ്ങുന്ന യാത്രക്കാരും അപകടത്തിൽപ്പെടുന്നുണ്ട്.
രാത്രിയിൽ നിരവധി സ്ത്രീകളാണ് ജോലികഴിഞ്ഞ് ബൈപ്പാസിലൂടെ വീട്ടിലേക്ക് നടന്ന് പോകുന്നത്.എതിരെ വരുന്ന വാഹനങ്ങളുടെ വെളിച്ചമാണ് പലപ്പോഴും കാൽനടയാത്രക്കാരുടെ ആശ്രയം. എത്രയും വേഗം തെരുവ് വിളക്കുകൾ പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മൈൻഡ് ചെയ്യാതെ അധികൃതർ
ബൈപ്പാസിൽ തെരുവ് വിളക്കുകൾ കത്താത്തതിനെതുടർന്ന് അപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന്
ബൈപ്പാസിലെ നിർമ്മാണം പ്രവർത്തനങ്ങൾ ഏറ്രെടുത്തിരിക്കുന്ന കരാർ കമ്പനിഅധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരും ഇതേ ആവശ്യം രേഖാമൂലം കരാർ കമ്പനി അധികൃതർക്ക് നൽകി. എന്നാൽ ആവശ്യങ്ങൾ പരിഗണിക്കാൻ കരാർ കമ്പനിക്കാർ തയ്യാറായില്ല.