port

കൊല്ലം: കൊല്ലം പോർട്ടിൽ നിന്ന് ചൈനയിലേക്ക് ചരക്ക് നീക്കം എന്ന സ്വപ്നത്തിന് ചിറക് നൽകി കെ.എം.എം.എല്ലിലെ ഉപോത്പന്നമായ അയൺ ഓക്സൈഡ് സാമ്പിളിന് ചൈനയിലെ ഇരുമ്പ് നിർമ്മാണ കമ്പനിയുടെ അംഗീകാരം.

കെ.എം.എം.എല്ലുമായി അയൺ ഓക്സൈഡിന്റെ വിലയിൽ ധാരണയാകുന്നതിന് പിന്നാലെ ചരക്ക് നീക്കം ആരംഭിക്കാനാണ് ആലോചന. ടൈറ്റാനിയം ഡയോക്സൈഡ് നിർമ്മാണത്തിലെ ഉപോത്പന്നമായ അയൺ ഓക്സൈഡ് വർഷങ്ങളായി കെ.എം.എം.എല്ലിൽ പ്രയോജനശൂന്യമായി കെട്ടിക്കിടക്കുകയാണ്.

നിലവിൽ മൂന്ന് ലക്ഷം ടൺ അയൺ ഓക്സൈഡ് സ്റ്റോക്കുണ്ട്. അടുത്തിടെ അയൺ ഓക്സൈഡിൽ നിന്ന് ടി.എം.ടി കമ്പി നിർമ്മാണത്തിനുള്ള അയൺ സിന്റർ നിർമ്മിക്കുന്ന സാങ്കേതിക വിദ്യ കെ.എം.എം.എൽ കണ്ടെത്തിയിരുന്നു. എന്നാൽ അതിനേക്കാൾ കൂടുതൽ വരുമാനം ചൈനയിലേക്ക് കൊണ്ടുപോകുമ്പോൾ ലഭിക്കുമെന്നാണ് സൂചന.

നേരത്തെ വിയറ്റ്നാമിലേക്ക് കൊണ്ടുപോകാൻ ആലോചന ഉണ്ടായിരുന്നെങ്കിലും സാമ്പിളിന് അംഗീകാരം ലഭിച്ചിരുന്നില്ല.

പത്ത് സർവീസിന് സാദ്ധ്യത

 രണ്ട് ലക്ഷം ടൺ കൊണ്ടുപോകാൻ പത്ത് തവണയെങ്കിലും സർവീസ് നടത്തേണ്ടി വരും

 ഇത് കൊല്ലം പോർട്ട് കേന്ദ്രീകരിച്ചുള്ള തുടർച്ചയായ ഏറ്റവും വലിയ ചരക്ക് നീക്കമാകും

 പോർട്ടിന് കാര്യമായ വരുമാനവും ലഭിക്കും

 എമിഗ്രേഷൻ സൗകര്യം ഇല്ലാത്തതിനാൽ ഓരോ സർവീസിനും പ്രത്യേക അനുമതി വാങ്ങിയാകും കപ്പൽ അടുപ്പിക്കുക

 അതിനിടയിൽ എമിഗ്രേഷൻ പോയിന്റ് അനുവദിച്ചാൽ പ്രത്യേക അനുമതി വേണ്ടിവരില്ല

കെ.എം.എം.എല്ലിന് ലഭിക്കും വൻതുക
കെ.എം.എം.എല്ലിൽ നിലവിൽ ചെറിയ അളവിൽ മാത്രമാണ് അയൺ സിന്റർ നിർമ്മാണം നടക്കുന്നത്. അതിനാൽ സാവധാനത്തിലേ വരുമാനം ലഭിക്കൂ. എന്നാൽ ചൈനയിലേക്ക് രണ്ട് ലക്ഷം ടൺ ഒരുമിച്ച് കൊണ്ടുപോകാനാണ് ആലോചന. പദ്ധതി യാഥാർത്ഥ്യമായാൽ കെ.എം.എം.എല്ലിന് ഒരുമിച്ച് വൻ തുക ലഭിക്കും.

ചൈനയിൽ നിന്ന് കപ്പൽ മടങ്ങുമ്പോൾ സ്റ്റീൽ അടക്കമുള്ള സാമഗ്രികൾ കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങളിലേക്ക് കൊണ്ടുവരും.

കൊല്ലം പോർട്ട് അധികൃതർ