photo
കോട്ടാത്തലയിൽ പ്രവർത്തിക്കുന്ന മൈലം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം

കൊട്ടാരക്കര: മൈലം ഗ്രാമപഞ്ചായത്തിന്റെ കോട്ടാത്തലയിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യത്തിന്റെ ശനിദശ മാറും. പുതിയ കെട്ടിട സമുച്ചയം ഉടനൊരുക്കും. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി ഒന്നരക്കോടി രൂപയാണ് കെട്ടിടം നിർമ്മിക്കാനായി അനുവദിച്ചിട്ടുള്ളത്. നിലവിലുള്ള കെട്ടിടത്തിന്റെ മുന്നിലായിട്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുക. പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കേണ്ടി വരില്ല. ആരോഗ്യ കേന്ദ്രത്തിന്റെ നിലവിലുള്ള പ്രവർത്തനത്തിന് ബുദ്ധിമുട്ടില്ലാത്ത വിധം നിർമ്മാണം നടത്താനുമാകും. കെട്ടിടം നിർമ്മിക്കാനുള്ള പ്ളാൻ വരച്ചത് അന്തിമ രൂപമായിട്ടുണ്ട്. ഇതിന് അനുമതി കിട്ടുന്നതോടെ തുടർ നടപടികൾ ആരംഭിക്കാം. ഏറെക്കാലമായി തുടരുന്ന പരിമിതികൾക്കാണ് മോക്ഷമുണ്ടാവുക.

അസൗകര്യങ്ങൾക്ക് നടുവിൽ ഒരു ആതുരാലയം

പതിറ്റാണ്ടുകൾക്ക് മുൻപാണ് കോട്ടാത്തലയിൽ പഞ്ചായത്തിന്റെ ആരോഗ്യ കേന്ദ്രം തുടങ്ങിയത്. ആരാധനാകേന്ദ്രത്തോട് ചേർന്നുള്ള പാറനിറഞ്ഞ ഭൂമിയാണ് ഇതിനായി കണ്ടെത്തിയത്. മൈലം ഗ്രാമപഞ്ചായത്തിന് പുറമെ നെടുവത്തൂർ, കുളക്കട പഞ്ചായത്തിലുള്ളവരും ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്താറുണ്ട്. മികച്ച ചികിത്സാ സംവിധാനങ്ങളാൽ പേരുകേട്ടിരുന്ന ആരോഗ്യ കേന്ദ്രത്തിന് കാലത്തിന് അനുസരിച്ച വികസനമുണ്ടായില്ല.പഞ്ചായത്ത് മുൻകൈയെടുത്ത് ലാബ് സൗകര്യം ഏർപ്പെടുത്തിയെങ്കിലും ഇവിടേക്ക് സർക്കാർ നിയമനം നടത്തിയില്ല. ഉച്ചയ്ക്ക് 2വരെയാണ് ഒ.പി പ്രവർത്തിക്കുന്നത്. ദിവസവും 150 മുതൽ 250 വരെ രോഗികൾ ഒ.പിയിൽ എത്താറുണ്ട്. മെഡിക്കൽ ഓഫീസറിന് പുറമെ പഞ്ചായത്ത് നിയോഗിച്ച താത്കാലിക ‌ഡോക്ടറുടെ സേവനവുമാണുള്ളത്. നഴ്സിംഗ് സ്റ്റാഫുകളുടെ നിയമനത്തിലും സർക്കാർ ഇടപെടലുണ്ടായില്ല. പഞ്ചായത്ത് നിയമിച്ച നഴ്സുമാരാണ് സേവനം നടത്തുന്നത്. പഴയ കെട്ടിടത്തിൽ ചരിപ്പുകളും ഇറക്കുകളുമുണ്ടാക്കിയാണ് നിലവിൽ പ്രവർത്തിച്ചുവരുന്നത്.

ഇനി മെച്ചമാകും

ഒന്നര കോടി രൂപയുടെ കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ തുടങ്ങും. മന്ത്രി കെ.എൻ.ബാലഗോപാൽ ആരോഗ്യ കേന്ദ്രത്തിന്റെ അസൗകര്യങ്ങളെല്ലാം ബോദ്ധ്യപ്പെട്ട് പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കിടത്തി ചികിത്സാ സംവിധാനങ്ങളടക്കം ഇവിടേക്ക് കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്റർ ഇഞ്ചക്കാട് തുടങ്ങുന്നുണ്ട്. ഇതിനായി തിരുവേളിക്കോട് ക്ഷേത്രത്തിന് സമീപത്തായി ഭൂമി ലഭ്യമാക്കിയിരുന്നു. നാട്ടുകാരും കുടുംബശ്രീ പ്രവർത്തകരും മുന്നിട്ടിറങ്ങിയാണ് നാലര ലക്ഷം രൂപ സ്വരൂപിച്ച് 14.25 സെന്റ് ഭൂമി വാങ്ങി ആരോഗ്യവകുപ്പിന് കൈമാറിയത്. കെട്ടിടം നിർമ്മിക്കാൻ മന്ത്രി കെ.എൻ.ബാലഗോപാൽ 55 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തും. കെട്ടിടം നിർമ്മിക്കാനാണ് ഇപ്പോൾ അനുവദിച്ച ഒന്നര കോടി രൂപ ഉപയോഗിക്കുക. കൂടുതൽ തുക അനുവദിക്കാൻ ഇടപെടും.

കെ.എൻ.ബാലഗോപാൽ, മന്ത്രി

ഇവിടെ എത്തിയിട്ട് അഞ്ച് മാസമേ ആയുള്ളു. ഒ.പിയിൽ എത്തുന്നവർക്ക് പരമാവധി സേവനം ഉറപ്പാക്കുന്നുണ്ട്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

ഡോ.എലിസബത്ത്, മെഡിക്കൽ ഓഫീസർ