അഞ്ചൽ: അഞ്ചൽ-ആയൂർ റോഡ് നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നു. റോഡിന്റെ നിർമ്മാണം ആരംഭിച്ചിട്ട് മൂന്ന് വർഷം പിന്നിട്ടിട്ടു. ഇതുവരെ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. കിഫ്ബി ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് ഈ റോഡ് നിർമ്മിക്കുന്നത്. കെ.രാജു മന്ത്രിയും സ്ഥലം എം.എൽ.എയും ആയിരുന്ന കാലത്താണ് റോഡിന്റെ നിർമ്മാണം ആരംഭിച്ചത്. റോഡിന്റെ നിർമ്മാണോദ്ഘാടന സമ്മേളനത്തിൽ സമയബന്ധിതമായി റോഡ് നിർമ്മാണം പൂർത്തീകരിക്കണമെന്ന് കെ.രാജു കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിരുന്നു. ആദ്യഘട്ടത്തിൽ നിർമ്മാണം ത്വരിതഗതിയിൽ നടന്നെങ്കിലും പിന്നീട് ഇഴഞ്ഞ് നീങ്ങുകയായിരുന്നു.
അപകടങ്ങൾ പെരുകുന്നു
റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള കുഴികളിൽ വീണ് ഇവിടെ അപകടങ്ങൾ പതിവായിരിക്കുകയാണ്. നാല് റോഡുകൾ വന്നുചേരുന്ന പനച്ചവിള ജംഗ്ഷനിലാണ് അപകടങ്ങൾ കൂടുതൽ. രണ്ട് ദിവസം മുമ്പ് ട്രാൻസ്പോർട്ട് ബസും പച്ചക്കറി വണ്ടിയും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. പനച്ചവിളയിലെ റോഡ് വക്കിലെ കുഴികളും അപകട ഭീഷണിയാകുന്നുണ്ട്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള ഈ കുഴികൾ മൂടുന്നതിനോ പണി പൂർത്തീകരിക്കുന്നതിനോ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. വട്ടമൺ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നതിന്റെ പേരിൽ കുരിശിൻമുക്കിൽ നിന്ന് അഞ്ചലിലേക്കുള്ള റോഡ് അടച്ചിട്ടിട്ടും മാസങ്ങളായി. പാലം നിർമ്മാണവും മുന്നോട്ട് നീങ്ങുന്നില്ല.
അഞ്ചൽ-ആയൂർ റോഡിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ അടയന്തര നടപടിവേണം. പനച്ചവിള ജംഗ്ഷനിലാണ് അപകടങ്ങൾ വർദ്ധിച്ചിരിക്കുന്നത്. ഇവിടെ റോഡിൽ എടുത്തകുഴികൾ നികത്തുന്നതിനും റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനും ബന്ധപ്പെട്ട അധികൃതർ മുന്നോട്ടു വരണം. ഇക്കാര്യത്തിൽ അലംഭാവം ഉണ്ടായാൽ രാഷ്ട്രീയത്തിനാതീതമായി നാട്ടുകാർ സമരം സംഘടിപ്പിക്കും.
കെ.സോമരാജൻ (സി.പി.ഐ, ഇടമുളയ്ക്കൽ ലോക്കൽ കമ്മിറ്റി മെമ്പർ)