പുനലൂർ: പുനലൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥികൾ വീണ്ടും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇടത് മുന്നണി സ്ഥാനാർത്ഥികളായി മത്സരിച്ച 13 പേരും വമ്പിച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എമ്മിലെ ഏഴും സി.പി.ഐയിലെ അഞ്ചും എൻ.സി.പിയിലെ ഒരു പ്രതിനിധിയുമാണ് വിജയിച്ചത്. ജനറൽ മണ്ഡലത്തിൽ നിന്ന് അനിൽകുമാർ,ജിജി കടവിൽ, ആർ.അശോക് കുമാർ, ജെ.ഡേവിഡ്, എസ്.രാജേഷ്, ആർ.സുഗതൻ, പി.വിജയൻ, ജെ.റിയാസും വനിതാ മണ്ഡലത്തിൽ നിന്നും മിനിശിവരാജൻ, എം.ഡയാന, എസ്.സരോജയും, പട്ടിക ജാതി പട്ടിക മണ്ഡലത്തിൽ നിന്ന് ടി.ബിജിയും
നിക്ഷേപ മണ്ഡലത്തിൽ നിന്നും വി.എ.ഷെറീഫും( സന്തോഷ്) ആണ് വിജയിച്ചത്. പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് പുറമെ യു.ഡി.എഫും ഡി.എം.കെയുടെ പാനലും മത്സര രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ ഡി.എം.കെയുടെ പാനൽ രണ്ടാം സ്ഥാനത്തും യു.ഡി.എഫ് മുന്നാം സ്ഥാനത്തും എത്തുകയായിരുന്നു. വോട്ടെണ്ണലിന് ശേഷം ഇടത് മുന്നണിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി.