
കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര കരിക്കം ഭാഗത്ത് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കൈക്കുഞ്ഞടക്കം നാലുപേർക്ക് പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം. ചങ്ങനാശേരി സ്വദേശിയായ സാലു ജേക്കബ്, ഭാര്യ സുജി ജേക്കബ്, മകൾ സാന്ദ്ര, മകളുടെ കൈക്കുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്. കാർ ഓടിച്ചിരുന്ന സാലു ജേക്കബിന് സാരമായ പരിക്കുണ്ട്. മറ്റുള്ളവർക്ക് നിസാര പരിക്കേറ്റു. ഇവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊട്ടാരക്കര ട്രാൻ. ബസ് സ്റ്റാൻഡിൽ നിന്ന് ആയൂരിന് പോവുകയായിരുന്ന ഓർഡിനറി ബസും എതിരെ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഇന്ധന ടാങ്ക് പൊട്ടിയൊഴുകി. അര മണിക്കൂർനേരം ഗതാഗതം തടസപ്പെട്ടു. റോഡിൽ ഇന്ധനം ഒഴുകിപ്പരന്നത് പിന്നീട് ഫയർഫോഴ്സ് എത്തി കഴുകിമാറ്റി. പൊലീസ് എത്താൻ വൈകിയതിൽ നാട്ടുകാർ പ്രതിഷേധിച്ചു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.