കൊല്ലം: ജില്ലയിൽ ശമനമില്ലാതെ പകർച്ചവ്യാധികൾ വർദ്ധിക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ വിവിധ പകർച്ച വ്യാധികൾ ബാധിച്ച് ചികിത്സതേടിയത് 5,615 പേരാണ്.

122 പേർ വിവിധ ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്ക് വിധേയരായി. കാലാവസ്ഥാ വ്യതിയാനവും ജീവിത ശൈലിയിൽ വന്ന മാറ്റങ്ങളുമാണ് രോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

ജില്ലയിൽ വൈറൽപനിക്ക് പുറമേ എച്ച്.വൺ എൻ.വൺ, പാൾസിപാം മലേറിയ, മലമ്പനി, എലിപ്പനി, ഡെങ്കി, ചിക്കൻപോകസ് എന്നീ രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

71പേർക്കാണ് പത്ത് ദിവസത്തിനുള്ളിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. കഴിഞ്ഞ ആറിനാണ് ഏറ്റവും അധികം പേർ ഡെങ്കി ബാധിതരായത്. 22പേർ. നാലുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയിലെ കോർപ്പറേഷൻ പരിധിയിലാണ് നിലവിൽ ഏറ്റവുമധികം രോഗികളുള്ളത്. വാടി, ശക്തികുളങ്ങര എന്നിവിടങ്ങളിലാണ് എലിപ്പനി, ഡെങ്കിപ്പനി എന്നിവയുമായി ബന്ധപ്പെട്ട് ഹോട്ട്‌ സ്‌പോട്ടുകളുള്ളത്.

കിളികൊല്ലൂർ, പാലത്തറ, കൊറ്റങ്കര, പത്തനാപുരം, തെക്കുംഭാഗം എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുന്നുണ്ട്.


കൊവിഡ് കേസുകൾ ഉയരുന്നു

ജില്ലയിൽ കൊവിഡ് കേസുകൾ ഉയരുന്നതായും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ദിവസവും നാലിനും അഞ്ചിനും ഇടയിൽ ആളുകൾ കൊവിഡ് ബാധിതരായി ചികിത്സതേടുന്നുണ്ട്. 50 വയസിന് മുകളിൽ പ്രായമുള്ളവരാണ് കൊവിഡ് ബാധിച്ച് ചികിത്സതേടുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.

എങ്കിലും മാസ്ക് മസ്റ്റാണ്
 ജനങ്ങൾ മാസ്‌ക് ധരിച്ച് പുറത്തിറങ്ങണമെന്ന് ആരോഗ്യവകുപ്പ്

 വാക്‌സിനുകൾ സ്വീകരിച്ചുവെന്ന് കരുതി രക്ഷപ്പെടാനാകില്ല

 ആഘോഷ സ്ഥലങ്ങളിൽ പോകുമ്പോഴും മാസ്‌ക് ധരിക്കണം

 എൻ 95 മാസ്ക്കുകൾ ധരിക്കുന്നതാണ് ഉത്തമം

 ആന്റിബയോട്ടിക്കുകളെ അതിജീവിച്ച് വൈറസുകൾ ശക്തി പ്രാപിക്കുന്നു

 കൊവിഡിന്റെ പുതിയ വകഭേദമാണ് വ്യാപിക്കുന്നതെന്ന് സംശയം

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ ജില്ലയിലും ജാഗ്രത പുലർത്തണം. പുതിയ വകഭേദമാണോയെന്നതുൾപ്പെടെ പരിശോധിക്കും. ലക്ഷണങ്ങളുമായെത്തുന്നവ‌ർ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയരാകണം.

ആരോഗ്യ വകുപ്പ് അധികൃതർ