 കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും അനുവദിച്ച് എം.നൗഷാദ് എം.എൽ.എ

കൊല്ലം: എം.എൽ.എ ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ച് ഇരവിപുരം മണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾ കൂടുതൽ ജനസൗഹൃദമാക്കുമെന്ന് എം.നൗഷാദ് എം.എൽ.എ പറഞ്ഞു.

വടക്കേവിള, ഇരവിപുരം, കിളികൊല്ലൂർ, മയ്യനാട്, മുണ്ടയ്ക്കൽ വില്ലേജ് ഓഫീസുകൾക്ക് രണ്ട് ലാപ്പ് ടോപ്പ് കമ്പ്യൂട്ടറുകൾ, ഒന്നുവീതം എത്രീ മൾട്ടി ഫംഗ്ഷൻ പ്രിന്റർ, എഫോർ ഷീറ്റ് ഫെഡ് സ്‌കാനർ, എ ത്രീ ബുക്ക് സ്‌കാനർ, യു.പി.എസ് എന്നിവ വാങ്ങാൻ എം.എൽ.എയുടെ നടപ്പുസാമ്പത്തികവർഷത്തെ പ്രത്യേകവികസന നിധിയിൽനിന്നും പത്തുലക്ഷം രൂപ അനുവദിച്ചു.സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ജില്ലാ പ്രോജക്ട് ഓഫീസിനും, ജില്ലാ ക്രൈം റെക്കാർഡ്‌സ് ബ്യുറോയ്ക്കും ആവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ അഞ്ചുലക്ഷം രൂപ വീതവും അനുവദിച്ചിട്ടുണ്ട്.

കൂട്ടിക്കട കണിച്ചേരി എൽ.പി.എസിൽ അഞ്ച് സ്മാർട്ട് ക്ലാസുകൾ സ്ഥാപിക്കാൻ അഞ്ച് ലക്ഷം രൂപയും കൊല്ലം കോർപ്പറേഷനിലെ ഇരവിപുരം, അമ്മൻനട ഡിവിഷനുകളിൽ 100 തെരുവുവിളക്കുകൾവീതം സ്ഥാപിയ്ക്കാൻ മൂന്ന് ലക്ഷം രൂപ വീതവും മയ്യനാട് ക്ഷീരോത്പാദക സഹകരണ സംഘത്തിന് മിൽക്ക് കളക്ഷൻ യൂണിറ്റ് സ്ഥാപിയ്ക്കാൻ ഒന്നര ലക്ഷം രൂപയും പുല്ലിച്ചിറ ക്ഷീരോത്പാദക സഹകരണ സംഘത്തിന് കമ്പ്യൂട്ടർ വാങ്ങാൻ അമ്പതിനായിരം രൂപയും കാക്കോട്ടുമൂല സഹൃദയ വായനലാശാലയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ 15 ലക്ഷം രൂപയും അനുവദിച്ചു.