
കൊല്ലം: കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതികളെക്കുറിച്ച് ഗ്രാമീണർക്ക് അറിവുപകർന്ന് വികസിത് ഭാരത് സങ്കൽപ്പ് യാത്ര ജില്ലയിൽ പര്യടനം തുടരുന്നു. ബോധവത്കരണ കാമ്പയിൻ ജില്ലയിലെ 26 പഞ്ചായത്തുകളിൽ പൂർത്തിയായി.
തലവൂർ ഗ്രാമപഞ്ചായത്തിലെ ജനസമ്പർക്ക ബോധവത്കരണ പരിപാടി വാർഡ് മെമ്പർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.കെ.നിതിൻ, നബാർഡ് ഡിസ്ട്രിക് ഡെവലപ്പ്മെന്റ് മാനേജർ പ്രേം കുമാർ തുടങ്ങിയവർ പങ്കെടുത്തു. സാമ്പത്തിക സാക്ഷരത കൗൺസിലർ ജേക്കബ് മാത്യു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൃഷിവിജ്ഞാനകേന്ദ്രം മഖേന ലഭ്യമാകുന്ന സേവനങ്ങൾ, പരിശീലനപരിപാടികൾ എന്നിവ അസി. പ്രൊഫസർ ഡോ. ബിന്ദു വിശദീകരിച്ചു.
നബാർഡ് തയ്യാറാക്കിയ 'ജാനു ' കാർട്ടൂൺ വീഡിയോകൾ പ്രചാരണ വാഹനത്തിലെ സ്‌ക്രീനിൽ പ്രദർശിപ്പിച്ചുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ്, ഇൻഷ്വറൻസ് സ്‌കീമുകൾ, ഡിജിറ്റൽ ബാങ്കിംഗ്, ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് അറിവുപകരുന്ന വീഡിയോകളും പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലെ പുതിയ ഗുണഭോക്താക്കളായ മൂന്ന് വീട്ടമ്മമാർക്ക് സൗജന്യ പാചകവാതക കണക്ഷനും നൽകി.