
ചാത്തന്നൂർ: വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേരെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ കോതേരി അയ്യപ്പക്ഷേത്രത്തിന് സമീപം ചരുവിള വീട്ടിൽ ആനന്ദ് (അച്ചു21), താഴം തെക്ക് കോതേരി വലിയകാട്ടുവിള വീട്ടിൽ രാഹുൽ (ആമ്പാടി, 21) , മീനാട് സ്വദേശി ഷാഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ചാത്തന്നൂർ ആരാധന ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഷംനാഥിനെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്.
തിങ്കളാഴ്ച രാത്രി 9.30ഓടെ ആയിരുന്നു സംഭവം. ഒന്നാം പ്രതി ഷാഫിയുടെ ഭാര്യയുമായി ഷംനാഥ് സ്‌നേഹ ബന്ധത്തിലാന്നെ സംശയത്തിന്റെ പേരിലാണ് ആക്രമണം നടത്തിയത്. ഷാഫി സുഹൃത്തുക്കളായ ആനന്ദിനെയും രാഹുലിനെയും കൂട്ടി രാത്രിയിൽ വീടുകയറി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ ഷംനാഥിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനിടയിൽ ഷാഫിക്കും പരിക്കേറ്റു.ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് രണ്ടപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചാത്തന്നൂർ ഇൻസ്പെക്ടർ വി.ശിവകുമാർ, എസ്.ഐമാരായ ജോയ്, ഷാജി, മധു,ഹോംഗാർഡ് സോമൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.