dd

ചുമതലയുള്ള ഏജൻസിയുടെ കരാർ കാലാവധി കഴിഞ്ഞു

കൊല്ലം: വല്ലപ്പോഴും തെളി​ഞ്ഞ് യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുകയാണ് തേവള്ളി പാലത്തിലെ തെരുവ് വിളക്കുകൾ. പ്രതി​ഷേധമുണ്ടാകുമ്പോൾ അധി​കൃതർ വി​ളക്കി​ന്റെ അറ്റകുറ്റപ്പണി​ നടത്തും. ഇതോടെ കുറച്ചുനാൾ തെളി​യും. പി​ന്നെ വീണ്ടും പഴയപടി​. മാസങ്ങളായി ഇതാണ് അവസ്ഥ.

അറ്റകുറ്റപ്പണി​ നടത്തി​യ ശേഷം നവംബർ 18 നാണ് അവസാനമായി വി​ളക്കുകൾ പ്രകാശിച്ചു തുടങ്ങിയത്. എന്നാൽ ഒരാഴ്ചയായി​ ഇവ തെളി​യുന്നി​ല്ല. പാലത്തിൽ പരസ്യബോർഡുകൾ സ്ഥാപിക്കാൻ കരാറെടുത്ത ഏജൻസിക്കാണ് വിളക്കുകൾ പ്രകാശിപ്പിക്കേണ്ട ചുമതല. എന്നാൽ, കരാർ കാലാവധി കഴിഞ്ഞെന്നാണ് ഏജൻസി​യുമായി​ ബന്ധപ്പെട്ടവർ പറയുന്നത്. പുതിയ കരാർ നൽകാനുള്ള നടപടിയിലാണ് കോർപ്പറേഷൻ. 19 വൈദ്യുതി വിളക്കുകളാണ് പാലത്തിന്റെ ഇരു വശങ്ങളിലുമായുള്ളത്. പ്രതിഷേധം കടുക്കുമ്പോൾ വിളക്കുകളിൽ അറ്റകുറ്റപ്പണിയെന്ന പേരി​ൽ എന്തെങ്കി​ലും കാട്ടി​ അധി​കൃതർ രക്ഷപെടും. വിളക്കു കാലുകൾ ദ്രവി​ച്ച അവസ്ഥയി​ലാണ്.

വിളക്കുകൾ പ്രകാശിക്കാത്ത പ്രശ്നം ഡിവിഷൻ കൗൺസിലർ കോർപ്പറേഷൻ കൗൺസിലിൽ അവതരിപ്പിക്കാൻ പോകുന്നതിന്റെ തലേ ദിവസം ഇവ പ്രകാശിക്കാൻ തുടങ്ങും! ഇതോടെ അവതരണം മാറ്റിവയ്ക്കും. നവംബർ 19ന് വിഷയം കൗൺസിലിൽ ഉന്നയിക്കാനിരിക്കെയാണ് തലേദിവസം വിളക്കുകൾ പ്രകാശിച്ച് തുടങ്ങിയതെന്ന് കൗൺസിലർ പറയുന്നു. 16ന് നടക്കുന്ന അടുത്ത കൗൺസിൽ യോഗത്തിൽ പ്രശ്നം വിളക്ക് വിഷയം ഉന്നയിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ആശ്രയം വണ്ടികളുടെ വെട്ടം

കോർപ്പറേഷനിലെ 5 ഡിവിഷനുകളിലെയും രണ്ട് പഞ്ചായത്തിലെയും ജനങ്ങൾ നഗരത്തിലെത്താൻ ആശ്രയിക്കുന്ന റോഡാണ് തേവള്ളി പാലം വഴി കടന്നു പോകുന്നത്. പാലത്തിലെ വിളക്കുകൾ കത്താത്തത് കാൽനട യാത്രികർക്കും ഇരുചക്ര വാഹന യാത്രികർക്കും ഒരേപോലെ ഭീഷണിയാണ്. ഇരുട്ടിൽ തെരുവ് നായ്ക്കൾ ഇരുചക്രവാഹനങ്ങൾക്ക് മുന്നിലേക്ക് ചാടുന്നത് മൂലമുണ്ടാകുന്ന അപകങ്ങളും പതിവായി. സമീപത്തെ പള്ളിയിലെത്തി മടങ്ങിപ്പോകുന്ന കാൽനടയാത്രികർ പാലം കടന്നുവരുന്ന വാഹനങ്ങളുടെ വെളിച്ചത്തിലാണ് പലപ്പോഴും അപ്പുറം കടക്കുന്നത്. പ്രഭാത സവാരിക്കും മറ്റും പാലത്തിലെത്തുന്നവരും മതിയായ വെളിച്ചമില്ലാതെ ബുദ്ധിമുട്ടുകയാണ്.

പാലം ഇരുട്ടിലായതോടെ അറവുമാല്യം ഉൾപ്പെടെയുള്ളവ ഇവിടെ തള്ളുന്നത് വർദ്ധിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.