കൊല്ലം: പൂയപ്പള്ളിയിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പി.പ്രതീഷ് കുമാർ പറഞ്ഞു.

28ന് പുലർച്ചെ താൻ ഭാര്യാ സഹോദരിയുടെ വീട്ടിലേക്ക് കുടുംബത്തോടൊപ്പം ഓയൂർ പള്ളിക്കൽ റോഡിൽ സ്കൂട്ടറിൽ പോയിരുന്നു. ഈ സമയം കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന വെള്ള കാർ തന്റെ സ്കൂട്ടറിനെ മറികടന്നുപോയി. ഒപ്പം ഒരു ബൈക്കും ഉണ്ടായിരുന്നു. താൻ കാറിലേക്ക് നോക്കുന്നത് കണ്ടതോടെ രണ്ട് വാഹനങ്ങളും പെട്ടെന്ന് വേഗത കുറച്ചു. പിന്നീട് കാർ പള്ളിക്കൽ ഭാഗത്തേക്ക് തിരിഞ്ഞു. അവരുടെ പിന്നാലെ ഞങ്ങൾ കുറച്ചു ദൂരം പോയപ്പോൾ ഭീതിയുണ്ടാക്കും വിധം നിരവധി വാഹനങ്ങൾ തന്നെ പിന്തുടർന്നു. ഭാര്യയും കുഞ്ഞും ഉള്ളതിനാൽ സ്കൂട്ടറിന്റെ വേഗത പിന്നെയും കുറച്ചു. തുടർന്ന് ഒരു നീല കാറും രണ്ട് ബൈക്കുകളും ഞങ്ങളെ മറികടന്നു. പിന്നീട് നീലക്കാറും വെള്ളക്കാറും റോഡ് വക്കിൽ നിറുത്തി യാത്രക്കാർ പുറത്തിറങ്ങുന്നതും കണ്ടു. തൊട്ടടുത്ത ദിവസം ഇക്കാര്യം പൊലീസിനെ അറിയിച്ചു. താൻ കണ്ടത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘമാണെന്നാണ് ഉറച്ച വിശ്വാസം. എന്നിട്ടും പൊലീസ് മൂന്ന് പ്രതികളേയുള്ളുവെന്ന് പറയുന്നത് സംശയാസ്പദമാണെന്നും പ്രതീഷ് കുമാർ പറഞ്ഞു.