police

കൊല്ലം: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരുടെ അക്കൗണ്ടിൽ കയറി പണം തിരികെ പിടിക്കാൻ സൈബർ പൊലീസ് കളമൊരുക്കുന്നു. ക്രിമിനൽ നടപടി ചട്ടം 102 പ്രകാരമാണ് പൊലീസ് നഷ്‌ടപ്പെട്ട മുതൽ തിരികെ പിടിക്കാറുള്ളത്. അന്വേഷണ മദ്ധ്യേയുള്ളതാണ് ഈ നടപടി.

എന്നാൽ ഇതിനകം തട്ടിപ്പ് സംഘങ്ങൾ അക്കൗണ്ട് പൂട്ടി സ്ഥലം വിടും. ഇതൊഴിവാക്കാൻ, പരാതി ലഭിക്കുമ്പോൾ തന്നെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതാണ് പൊലീസിന്റെ പുതിയ നീക്കം. എത്തിക്കൽ ഹാക്കിംഗിലൂടെയാണ് പൊലീസ് ഇത് സാദ്ധ്യമാക്കുന്നത്. എന്നാൽ കോടതി പുറപ്പെടുവിക്കുന്ന അന്തിമ തീർപ്പിന് വിധേയമായിട്ടാവും തുക ലഭിക്കുക. വ്യാജ സൈറ്റുകളിൽ ചെറിയ ഇരകളെ പ്രദർശിപ്പിച്ച് വൻ തട്ടിപ്പുകൾ നടത്തുന്നതാണ് പുതിയ രീതിയെന്ന് പരാതികളുടെ സ്വഭാവം വിശകലനം ചെയ്ത് സൈബർ സെൽ അധികൃതർ പറയുന്നു.

ആദ്യ ഇടപാടുകളിൽ താരതമ്യേന ചെറിയ തുകകൾ ലാഭമായി സമ്മാനിക്കുകയും തുടർന്ന് വൻ തുകകൾ ട്രാൻസ്‌ഫർ ചെയ്യിച്ച് അപ്രത്യക്ഷമാവുകയും ചെയ്യുന്ന കമ്പനികളെ കുറിച്ചാണ് പരാതികൾ ഏറെയും. ക്രിപ്‌റ്റോ കറൻസി പോലെയുള്ള ഡിജിറ്റൽ പണമിടപാടുകൾ സംബന്ധിച്ച പരാതികളാണ് വർദ്ധിച്ചിരിക്കുന്നത്.

അക്കൗണ്ട് പൂട്ടും മുമ്പ് പിടിവീഴും

 പൊലീസിൽ പരാതിപ്പെടുന്നതിന് മുമ്പ് തന്നെ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിവരം അറിയിക്കാം

 ഈ ഘട്ടം മുതൽ തന്നെ കേസായി പരിഗണിക്കും

 അപ്പോൾ തന്നെ തട്ടിപ്പുകാരെ കുടുക്കാനുള്ള നീക്കം സൈബർ പൊലീസ് ആരംഭിക്കും

 ഇത് പ്രതികളിലേക്ക് എത്താനുള്ള കാലതാമസം ഒഴിവാക്കും

 നഷ്‌ടം അര ലക്ഷത്തിൽ താഴെയാണെങ്കിൽ തിരികെ ലഭിക്കുന്നതിനായിരിക്കും മുൻഗണന

 അര ലക്ഷത്തിന് മുകളിലാണെങ്കിൽ എഫ്.ഐ.ആർ രജിസ്‌റ്രർ ചെയ്‌ത് കേസിലേക്ക് നീങ്ങും

പോർട്ടൽ: cyber.crime.gov.in

കൊല്ലം സിറ്റി സ്‌റ്റേഷനുകളിലെ കേസുകൾ - 20

നേരത്തെ ജില്ലാ പൊലീസ് ആസ്ഥാനത്തെ സൈബർ സെല്ലിലായിരുന്നു കേസുകൾ രജിസ്‌‌റ്റർ ചെയ്‌തിരുന്നത്. ഒക്ടോബർ മുതൽ എല്ലാ സ്‌റ്റേഷനുകളിലും കേസുകൾ രജിസ്റ്റർ ചെയ്യും.

സൈബർ പൊലീസ് അധികൃതർ