പുനലൂർ: മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് ആര്യങ്കാവ്, അച്ചൻകോവിൽ ക്ഷേത്രങ്ങളിലെ അയ്യപ്പ വിഗ്രഹങ്ങളിൽ ചാർത്തുവാനുളള തിരുവാഭരണവും വഗഹിച്ച് കൊണ്ടുള്ള ഘോഷയാത്ര 16ന് രാവിലെ പുനലൂർ പുതിയിടത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം രാവിലെ 7 മുതൽ പ്രത്യേകം തയ്യാറാക്കുന്ന പൂ പന്തലിൽ ഭക്തജനങ്ങൾക്ക് ദർശിച്ച് തൊഴാൻ വയ്ക്കുമെന്ന് ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ എസ്.മണികണ്ഠൻ, ചെയർമാൻ എ.ഹരികുമാർ എന്നിവർ വർത്താ സമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് 10ന് ക്ഷേത്രം പ്രത്യേക വാഹനത്തിൽ ഘോഷ യാത്ര പുറപ്പെടും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ ജി.സുന്ദരേശൻ, പത്തനംതിട്ട ദേവസ്വം ഡെപ്യുട്ടി കമ്മിഷണർ പി.ദിലീപ് കുമാർ,കേരള തമിഴ്നാട്, പൊലീസ്, പഞ്ചവാദ്യം ചെണ്ടമേളം, ഉമാദേവി,ഗജറാണി, അലങ്കരിച്ച് നൂറ്കണക്കിന് വാഹനങ്ങളും ഭക്തജനങ്ങളും ഘോഷയാത്രയെ അനുഗമിക്കും. പുനലൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, ടി.ബി.ജംഗ്ഷൻ, കലയനാട്, തെന്മല,കഴുതുരുട്ടി വഴി പാലരുവി ജംഗ്ഷനിൽ വൈകിട്ടോടെ ഘോഷയാത്ര എത്തിച്ചേരും. തുടർന്ന് ആര്യങ്കാവ് ശ്രീധർമ്മ ശാസ്താക്ഷേത്രത്തിലേക്കുള്ള തിരുവാഭരണം പ്രത്യേകം തയ്യറാക്കിയ മണ്ഡപത്തിൽ വയ്ക്കും. പിന്നീട് നൂറുകണക്കിന് ഭക്ത ജനങ്ങളുടെ അകമ്പടിയോടെ ആര്യങ്കാവിലേക്കുള്ള ഘോഷയാത്ര പുറപ്പെട്ട് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധനയും നടത്തും. അച്ചൻകോവിലിലേക്കുള്ള ഘോഷയാത്ര കോട്ടവാസൽ കറുപ്പ സ്വാമി കോവിലിലെ സ്വീകരണവും ഏറ്റുവാങ്ങി ചെങ്കോട്ട വഴി തെങ്കാശി ക്ഷേത്രത്തിൽ എത്തി തമിഴ്നാട് പൊലീസിന്റെ വൻ സന്നാഹങ്ങളോടെ തിരികെ ചെങ്കോട്ട,മേക്കര വഴി അച്ചൻകോവിൽ ഹൈസ്കൂൾ ജംഗ്ഷനിൽ എത്തിച്ചേരും. തുടർന്ന് പഞ്ചവാദ്യം ,മുത്തുക്കുട തുടങ്ങിയവയുടെ അകമ്പടിയോടെ ഘോഷയാത്രയെ സ്വീകരിച്ച് അച്ചൻകോവിൽ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ ഭക്തജനങ്ങൾ എത്തിക്കും. സന്ധ്യക്ക് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധ ദീപകാഴ്ച നടത്തുന്നതോടെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് തുടക്കമാകും. ഭാരവാഹികളായ പി.ജി.വാസുദേവൻ ഉണ്ണി, കെ.തുളസീധരൻ പിള്ള, എ.വി.വിജേഷ്, വിഷ്ണു, ഓമനക്കുട്ടൻ, വേണുഗോപാൽ, ജീ.പ്രദീപ്,രാജു, പ്രമോദ് കരവാളൂർ, ബി.പ്രകാശ്, എ.ഗോപി, രതീഷ്, പ്രേംധന്യാലയം തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.