കൊട്ടാരക്കര: വിലങ്ങറ വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയത്തോടെ ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ അവിശ്വാസത്തിന് കളമൊരുങ്ങുന്നു. ഇരുപതംഗ പഞ്ചായത്ത് ഭരണസമിതിയിൽ വിലങ്ങറ വാർഡിലെ വിജയത്തോടെ ഇടത് മുന്നണിക്ക് പത്ത് അംഗങ്ങളായി. ഇതിന്റെ അടിസ്ഥാനത്തിലാണ് എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ആലോചിക്കുന്നത്.

നേരത്തെ ഇടത് മുന്നണിയുടെ ഭരണത്തിലായിരുന്നു പഞ്ചായത്ത്. മുന്നണി ധാരണപ്രകാരം രണ്ടര വർഷമെത്തിയപ്പോൾ പ്രസിഡന്റ് സി.പി.ഐയിലെ അമ്പിളി ശിവനും വൈസ് പ്രസിഡന്റ് സി.പി.എമ്മിലെ പി.വി.അലക്സാണ്ടറും രാജിവച്ചു. സി.പി.എമ്മിന് പ്രസിഡന്റ്, സി.പി.ഐക്ക് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വച്ചുമാറാനായിട്ടാണ് രാജിവച്ചതെങ്കിലും തിരഞ്ഞെടുപ്പ് വന്നതോടെ കളം മാറി. ബി.ജെ.പി അംഗങ്ങളുടെ പിന്തുണയിൽ കോൺഗ്രസിന് ഭരണം ലഭിച്ചു. കോൺഗ്രസിലെ ഷീബ ചെല്ലപ്പൻ പ്രസിഡന്റും എസ്.സുജാതൻ വൈസ് പ്രസിഡന്റുമായി. ഇതോടെ പഞ്ചായത്തിൽ രാഷ്ട്രീയ വിവാദങ്ങൾ ഏറെ ഉടലെടുത്തു. ബി.ജെ.പി അംഗങ്ങൾ പാർട്ടിയുടെ അനുവാദമില്ലാതെ കോൺഗ്രസിനെ പിന്തുണച്ചതും ബി.ജെ.പിയുടെ പിന്തുണയോടെ കോൺഗ്രസ് ഭരണത്തിലെത്തിയതും കൂടുതൽ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കി. ബി.ജെ.പി പിന്തുണയിൽ ലഭിച്ച പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ രാജിവയ്ക്കാൻ കോൺഗ്രസ് നേതൃത്വം നിർദ്ദേശിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയിലാണ് വിലങ്ങറ വാർഡംഗം എം.ഉഷ തൽസ്ഥാനം രാജിവച്ചത്. ഇതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ജനുവരിയിൽ അവിശ്വാസം കൊണ്ടുവരും. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബി.ജെ.പി- കോൺഗ്രസ് കൂട്ടുകെട്ടിന് ഇനി സാദ്ധ്യതയില്ല. അതുകൊണ്ടുതന്നെ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി ചരടുവലികൾ തുടങ്ങിയത്.

പുതിയ കക്ഷിനില

എൽ.ഡി.എഫ്- 10

യു.ഡി.എഫ്- 8

ബി.ജെ.പി- 2