kanam-

മുഖത്തല: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്നെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. മുഖത്തലയിൽ കാനം രാജേന്ദ്രന്റെ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുസമൂഹത്തിന്റെ താല്പര്യങ്ങൾ മുൻനിറുത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു സിനിമ മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മാക്ട എന്ന സംഘടന രൂപീകരിച്ചതും. അദ്ദേഹത്തിന്റെ വേർപാട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമല്ല മുഴുവൻ ജനങ്ങൾക്കും വലിയ നഷ്ടമാണെന്നും പ.സി. വിഷ്ണുനാഥ് പറഞ്ഞു. യോഗത്തിൽ സി.പി.ഐ മുഖത്തല മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം. സജീവ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. മനോജ് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.ഐ മുഖത്തല മണ്ഡലം കമ്മിറ്റി സെക്രട്ടറി സി.പി. പ്രദീപ്, കേരള കശുഅണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. സുഭഗൻ, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം ജി. വേണുഗോപാൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആർ. സുരേന്ദ്രൻ, തൃക്കോവിൽവട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശിവകുമാർ, കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗം എ. ഇബ്രാഹിംകുട്ടി, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശനൻ തുടങ്ങിയവർ സംസാരിച്ചു.