 
കൊല്ലം: ചവറ കെ.എം.എം.എല്ലിലെ ഉത്പന്നമായ ടൈറ്റാനിയം ഡയോക്‌സൈഡ് ചൈനയിൽ നിന്ന് വൻ തോതിൽ ഇറക്കുമതി ചെയ്യുന്നതുമൂലം ഉണ്ടാകുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര മന്ത്രി നിർമ്മല സീതാരാമന് നിവേദനം നൽകി.
കെ.എം.എം.എൽ ഉത്പന്നമായ ടൈറ്റാനിയം സ്‌പോഞ്ച് പ്രതിരോധ ആവശ്യങ്ങൾക്കും ബഹിരാകാശ ഗവേഷണ രംഗത്തും ഉപയോഗിക്കുന്നുണ്ട്. കെ.എം.എം.എല്ലിന്റെ നിലനിൽപ്പിന് ദേശീയ പ്രാധാന്യവുമുണ്ട്. ഏകദേശം 9000 ടൺ ഉത്പന്നം കെ.എം.എം.എല്ലിൽ കെട്ടിക്കിടക്കുകയാണ്. ഇത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും എം.പി ചൂണ്ടിക്കാട്ടി.
ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചും ആന്റി ഡംബിംഗ് സംബന്ധിച്ച വിഷയവും പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
എം.പിമാരായ എ.എം.ആരിഫ്, ബെന്നി ബഹന്നാൻ, ഇ.ടി.മുഹമ്മദ് ബഷീർ, കെ.എം.എം.എൽ സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ വി.സി.രതീഷ് കുമാർ, ആർ.ശ്രീജിത്ത്, സംഗീത് സാലി, ജെ.മനോജ് മോൻ, എം.എസ്.അനീഷ്, ശ്രീരാജ്, രഘുനാഥൻ, എസ്.സാലു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.