കൊല്ലം: സൻസദ് മഹാരത്‌ന അവാർഡ് എൻ.കെ.പ്രേമചന്ദ്രൻ എം.പിക്ക്. എ.പി.ജെ അബ്ദുൽ കലാം രക്ഷാധികാരിയായി പ്രവർത്തനം ആരംഭിച്ച ചെന്നൈ ആസ്ഥാനമായ പ്രൈം പോയിന്റ് ഫൗണ്ടേഷനാണ് അവാർഡ് പ്രഖ്യാപിച്ചത്. പാർലമെന്റിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ സ്ഥിരതയുള്ളതും ശ്രേഷ്ഠവും മാതൃകാപരവുമായ പ്രവർത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് നിർണയിച്ചത്.
കേന്ദ്ര നിയമ പാർലമെന്ററികാര്യ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി അർജ്ജുൻ റാം മേഘ്വാൾ ചെയർമാനും മുൻ ഇലക്ഷൻ കമ്മിഷണർ പി.എസ്.കൃഷ്ണമൂർത്തി അംഗവുമായ ജൂറിയാണ് പേരുകൾ നിർദ്ദേശിച്ചത്.
വെസ്റ്റ് ബംഗ്ലാളിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധീർ രഞ്ജൻ ചൗധരി, ബി.ജെ.പി അംഗങ്ങളായ ജാർഖണ്ഡിലെ ബിഡ്യുറ്റ് ബരൻ മഹാതോ, മഹാരാഷ്ട്രയിലെ ഡോ. ഹീന വിജയകുമാർ ഗവിറ്റ് എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ.
പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി പ്രവർത്തനം വിലയിരുത്തി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്കും അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് സൻസദ് അവാർഡ് ഇതിന് മുമ്പ് രണ്ട് പ്രാവശ്യം ലഭിച്ചിട്ടുണ്ട്. അഞ്ച് വർഷത്തിലൊരിക്കൽ നൽകുന്നതാണ് സൻസദ് മഹാരത്‌ന അവാർഡ്. ഫ്രെബുവരി 17ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.