
കൊല്ലം: ഇരുചക്ര വാഹനത്തിൽ കറങ്ങിനടന്ന് സ്ത്രീകളെ ഉപദ്രവിച്ചിരുന്ന പ്രതി പിടിയിൽ. നെടുങ്ങോലം പരക്കുളം പുഷ്പ വിലാസത്തിൽ പ്രമോദാണ് (40) പരവൂർ പൊലീസിന്റെ പിടിയിലായത്. ഇടറോഡുകളിലൂടെ തനിയെ നടന്നുപോകുന്ന സ്ത്രീകളുടെ പിന്നിലൂടെ ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിച്ചെത്തുന്നയാൾ ശരീരത്തിൽ ശക്തിയായി അടിച്ച ശേഷം രക്ഷപ്പെടുന്നതുമായി ബന്ധപ്പെട്ട് പരവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 7.15 ഓടെ പരവൂർ പ്രേം ഫാഷൻ ജുവലറിയുടെ സമീപത്തെ ഇടറോഡിലൂടെ നടന്ന് പോവുകയായിരുന്ന യുവതിയുടെ മുതുകിൽ അടിച്ച ശേഷം ഇയാൾ സ്‌കൂട്ടറിൽ രക്ഷപ്പെട്ടിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ആലുംമൂട്-പരവൂർ റോഡിലൂടെ നടന്ന് പോവുകയായിരുന്ന യുവതിയും സമാന രീതിയിൽ ഉപദ്രവിക്കപ്പെട്ടത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷത്തിൽ ഇയാൾ പിടിയിലാവുകയായിരുന്നു. പരവൂർ ഇൻസ്‌പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുജിത്ത്, പ്രദീപ്, എസ്.സി.പി.ഒമാരായ സലാഹുദ്ദീൻ, സി.പി.ഒ പ്രേംലാൽ, വനിതാ സി.പി.ഒ ദീപ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.