കൊല്ലം: കൊല്ലം ബീച്ചിലേക്ക് വരുന്നവർക്ക് ഇനി റോഡിലെ കുഴിയിൽ വീഴാതെ നടക്കാം. ബീച്ചിന് മുന്നിൽ നാളുകളായി തകർന്നുകിടന്ന റോഡ് നന്നാക്കാനുള്ള നിർമ്മാണ പ്രവൃത്തികൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. തങ്കശ്ശേരി തീരദേശ റോഡിൽ നിന്നു ബീച്ചിലേക്ക് പോകുന്ന ക്കുള്ള റോഡിൽ ബീച്ചിന് മുൻഭാഗത്തായി ഒരു കിലോമീറ്ററോളമാണ് ഏറെ നാളായി പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്നത്. റോഡിന്റെ ദുരവസ്ഥെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. .
റോഡിന്റെ ശോചനീയാവസ്ഥ ബീച്ചിലെത്തുന്ന വിദേശികളടക്കുള്ള സന്ദർശകരെയും ദുരിതത്തിലാക്കിയിരുന്നു. മഴപെയ്താൽ റോഡിലെ കുഴിയിൽ വെള്ളം കെട്ടിക്കിടന്ന് ഇരുചക്ര വാഹനങ്ങളടക്കം അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് നിന്നുള്ള മെറ്റലുകൾ റോഡിൽ ചിതറി കിടക്കുന്നത് കാൽനടയാത്രക്കാർക്കും ബീച്ചിൽ എത്തുന്ന പ്രഭാത സവാരിക്കാർക്കും ഏറെ ദുരിതമായിരുന്നു. റോഡ് നന്നാക്കാത്തതിൽ സന്ദർശകരുടെ ഭാഗത്തുനിന്നടക്കം പ്രതിഷേധം ഉയർന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് കോർപ്പറേഷന്റെ നേതൃത്വത്തിൽ അറ്രകുറ്റപ്പണികൾ ആരംഭിച്ചത്.
റോഡിലെ പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് നിന്നു മെറ്റലുകളും അടിഞ്ഞുകൂടിയ മണ്ണും നീക്കം ചെയ്ത ശേഷം ജെ.സി.ബി ഉപയോഗിച്ച് പുതിയ മെറ്റൽ നിരത്തിയാണ് ടാറിംഗ് ജോലികൾ ആരംഭിച്ചത്.