കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും എത്തുന്ന നവകേരള സദസിനുള്ള കൊല്ലം മണ്ഡലത്തിലെ ഒരുക്കങ്ങൾ പൂർത്തിയായതായി എം. മുകേഷ് എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 19ന് വൈകിട്ട് ആറിന് ആശ്രാമം പ്രശാന്തി ഗാർഡൻസിലെ വേദിയിൽ മുഖ്യമന്ത്രി കൊല്ലം നിയോജക മണ്ജലത്തിലെ ജനങ്ങളോട് സംവദിക്കും. പരിപാടിയുടെ പ്രചാരണാർത്ഥം വിദ്യാർത്ഥികൾക്കായി പ്രസംഗ, ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. കവിയും ചലച്ചിത്ര പ്രവർത്തകനുമായ പി.എൻ.ഗോപീകൃഷ്ണൻ പങ്കെടുക്കുന്ന സാംസ്കാരിക ഇന്ന് സദ ഉളിയക്കോവിൽ ക്ഷേത്ര മൈതാനത്ത് നടക്കും. 15ന് മനോജ് മംഗലത്ത് പങ്കെടുക്കുന്ന സാംസ്കാരിക പരിപാടി പനയത്ത്. 16ന് കൊല്ലം പോർട്ടിൽ ക്രിസ്മസ്-നവവത്സര ആഘോഷ പരിപാടികൾ. 17ന് കടപ്പാക്കട സ്പോർട്‌സ് ക്ലബ്ബിൽ നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിന്റെ നാടകം.
19ന് വൈകിട്ട് 4മുതൽ ആശ്രാമം പ്രശാന്തി ഗാർഡൻസിൽ ഗാനമേള, നൃത്തനൃത്യങ്ങൾ, വൈകിട്ട് മൂന്ന് മുതൽ പ്രശാന്തി ഗാർഡൻസിൽ പ്രത്യേകം സജ്ജമാക്കിയ 20 കൗണ്ടറുകളിലായി പൊതുജനങ്ങളിൽ നിന്നു നിവേദനങ്ങളും പരാതികളും സ്വീകരിക്കും. 7500 കസേരകൾ പ്രശാന്തി ഗാർഡൻസിൽ സജ്ജമാക്കിയിട്ടുണ്ട്. 15000 പേർക്ക് പരിപാടി കാണാൻ കഴിയുന്ന രീതിയിലാണ് സദസ്. സംഘാടക സമിതി കൺവീനർ സബ് കളക്ടർ മുകുന്ദ് ഠാക്കൂർ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ വി.കെ. അനിരുദ്ധൻ, സ്പോൺസർഷിപ്പ് കമ്മിറ്റി ചെയർമാൻ എ.എം. ഇഖ്ബാൽ, കൾച്ചറൽ കമ്മിറ്റി ചെയർമാൻ അഡ്വ. രാജീവ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.